nnnn

കോട്ടയ്ക്കൽ: ജൂൺ അഞ്ചിന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ പി.കെ. വാരിയർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തും വിദേശത്തും ആയുർവേദത്തിന്റെ ജനകീയത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ പേരിലേക്കെത്തിക്കുന്നതിനും ഡോ. പി.കെ. വാരിയരുടെ പ്രയത്നങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ നേതൃത്വവും മാർഗ്ഗനിർദ്ദേശവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ഉന്നതിയിലേക്ക് നയിച്ചു. ശാസ്ത്രീയവും നവീനവുമായ ഗവേഷണത്തിലൂടെ ആയുർവേദത്തെ ഉയരങ്ങളിലെത്തിക്കാൻ ആര്യവൈദ്യശാലയ്ക്കായി. പി.കെ. വാരിയരുടെ നൂറാം ജന്മദിനാഘോഷം ആയുർവേദത്തെ ആഗോളതലത്തിൽ കൂടുതൽ ജനപ്രിയമാക്കാനുള്ള ആര്യവൈദ്യശാലയുടെ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരട്ടെയെന്നും ആശംസ സന്ദേശത്തിൽ പ്രധാനമന്ത്രി പറ‍ഞ്ഞു.