പെരിന്തൽമണ്ണ: മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പാലൂർകോട്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ടയർ സംസ്കരണ ഫാക്ടറികളിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തം പൂർണ്ണമായും അണയ്ക്കാനായത്ഇന്നലെ ഉച്ചയോടെ. അരുൺ ഭാസ്കരൻ എന്നയാളുടെ കണ്ടിക്കൽ റബ്ബേഴ്സും ഫെമി വിജിയുടെ വിവാ റബ്ബേഴ്സുമാണ് പൂർണ്ണമായും അഗ്നിക്കിരയായത്. ഒന്നര കോടിയോളം രൂപയുടെ സംസ്കരിച്ച റബ്ബർ ഉത്പന്നങ്ങളും രണ്ടര കോടിയോളം രൂപയുടെ മെഷീനറികളും അടക്കം മൊത്തം നാല് കോടിക്ക് മുകളിൽ നഷ്ടം സംഭവിച്ചതായി ഉടമസ്ഥർ പറയുന്നു. 12 മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിലാണ് പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഓഫീസർ സി ബാബുരാജിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന സംഘം പൂർണ്ണമായും തീയണച്ചത്. മലപ്പുറം, മഞ്ചേരി, തിരൂർ, പട്ടാമ്പി എന്നീ
ഫയര്സ്റ്റേഷനുകളുടെ സഹായവും തേടി. തുടർന്ന് ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമായി ഏഴ് യൂണിറ്റുകളുടെയും 40 ഓളം സേനാംഗങ്ങളുടെയും അമ്പതോളം സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെയും നീണ്ട പരിശ്രമത്തിനൊടുവിൽ ഞായറാഴ്ച്ച രാവിലെ എട്ടോടെ തീ നിയന്ത്രണ വിധേയമാക്കി. ഉച്ചയോടെമണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ടാണ് തീ പൂർണ്ണമായും അണച്ചത്.
ലോക് ഡൗൺ പിൻവലിച്ച ശേഷം കയർ ഫാക്ടറികളിലേക്ക് റബ്ബർ മാറ്റ് നിർമ്മാണത്തിനായി ലോഡ് കയറ്റി അയക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കമ്പനി അധികൃതർ. ഇതിനിടെയിലാണ് പൂർണ്ണമായും
അഗ്നി വിഴുങ്ങിയത്. തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല.