dkkdkdk

മലപ്പുറം: ഗുരുതര രോഗികളുടെ എണ്ണം കുറയുന്നത് ഐ.സി.യു, വെന്റിലേറ്ററുകളുടെ ലഭ്യതയിൽ ജില്ല നേരിട്ട കടുത്ത പ്രതിസന്ധിയുടെ ആക്കം കുറയ്ക്കുന്നു. കാറ്റഗറി സി വിഭാഗത്തിൽ ഗുരുതര ലക്ഷണങ്ങളോടെ നിലവിൽ 622 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നുണ്ട്. നേരത്തെ 800ന് മുകളിൽ വരെ രോഗികളുണ്ടായിരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് നീക്കിവച്ച പകുതി ബെഡുകളിലും ഒഴിവുണ്ട്. അടുത്തിടെ വരെ ബെഡുകൾ നിറഞ്ഞ സാഹചര്യമായിരുന്നു. ആകെയുള്ള 3,​058 ബെഡുകളിൽ ഇന്നലെ 1,716 എണ്ണത്തിലാണ് ഒഴിവ്. 333 ഐ.സി.യു ബെഡുകളിൽ 73 എണ്ണത്തിലും ഒഴിവുണ്ട്. 136 വെന്റിലേറ്ററുകളിൽ 11 ഒഴിവുകളുണ്ട്.

ജില്ലയിലെ ഏഴ് സർക്കാർ കൊവിഡ് ആശുപത്രികളിലെ 980 ബെഡുകളിൽ 509 എണ്ണത്തിലാണ് ഒഴിവ്. ഇതിൽ 286 ഒഴിവും മഞ്ചേരി മെഡിക്കൽ കോളേജിലാണ്. 94 ഐ.സി.യുകളിൽ ഒമ്പത് ഒഴിവും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പകുതി ബെഡുകളിൽ ഒഴിവുണ്ട്. രോഗികളുടെ എണ്ണം കുത്തനെ കൂടിയപ്പോൾ കോഴിക്കോട്,​ തൃശൂർ ജില്ലകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. മൂന്ന് ദിവസമായി വെന്റിലേറ്റർ കിട്ടാതെ വളാഞ്ചേരി സ്വദേശിനി മരിച്ചത് ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് കടുത്ത ആഘാതമായിരുന്നു.

ഓക്സിജൻ ഉപയോഗത്തിലും കുറവ്

കൃത്രിമ ഓക്സിജൻ ആവശ്യം വരുന്ന രോഗികളുടെ എണ്ണം കൂടിയതോടെ ജില്ല കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. വ്യാവസായിക ആവശ്യത്തിന് കൊണ്ടുവന്ന ഓക്സിജൻ സിലിണ്ടറുകളടക്കം പിടിച്ചെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 മെട്രിക് ടൺ ഓക്സിജനാണ് ജില്ലയിലെ 86 കൊവിഡ് ആശുപത്രികളിലേക്കായി ആവശ്യം വന്നത്. ജില്ലയിൽ ആകെ 79 മെട്രിക് ടൺ സംഭരണ ശേഷിയാണുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിൽ 10,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ സംഭരണി സ്ഥാപിച്ചു. ഇവിടത്തെ 300 ലിറ്ററിന്റെ ഓക്സിജൻ സംഭരണി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിരൂരിൽ പുതിയ ഓക്സിജൻ സംഭരണിതുടങ്ങിയിട്ടുണ്ട്. നിലമ്പൂരിൽ 3000 ലിറ്ററിന്റെ ഓക്സിജൻ സംഭരണി ജൂൺ പകുതിയോടെ സ്ഥാപിക്കും. ഇതോടെ സർക്കാർ കൊവിഡ് ആശുപത്രികളുടെ ദൈനംദിന ആവശ്യങ്ങൾ പ്രതിസന്ധിയില്ലാത്ത വിധം നിറവേറ്റപ്പെടും. നേരത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നപ്പോൾ ഓക്സിജൻ കുറവുള്ള ഇടങ്ങളിലേക്ക് പരസ്പരം കൈമാറുകയാണ് ചെയ്തിരുന്നത്.

രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഓക്സിജന്റെ ആവശ്യകതയും നേരിയ തോതിൽ കുറഞ്ഞുവരുന്നുണ്ട്

ഡോ. അഫ്സൽ,​ ഡെപ്യൂട്ടി ഡി.എം.ഒ