പൊന്നാനി: ലക്ഷദ്വീപിന്റെ രുചികൾ ഒരു കാലത്ത് പൊന്നായിലെ തീൻമേശകളിലെ പ്രധാന ആകർഷണമായിരുന്നു. പ്രത്യേകിച്ച് ദ്വീപിലെ ശർക്കരയും ചൂര(ട്യൂണ) മീൻ ഉണക്കിയുണ്ടാക്കുന്ന മാസും.
ബേപ്പൂരിൽ നിന്നാണ് ഇവ പൊന്നാനിയിലേക്കെത്തിയിരുന്നത്. ലക്ഷദ്വീപിൽ നിന്ന് മതപഠനത്തിനെത്തുന്നവരും കൊണ്ടുവന്നിരുന്നു. നോമ്പ് കാലത്താണ് ഇവയ്ക്ക് ആവശ്യക്കാരേറെ. ചമ്മന്തിയിൽ ചേർക്കാനും കറിവയ്ക്കാനുമാണ് മാസ് ഉപയോഗിച്ചിരുന്നത്. മാസിട്ട് അരച്ച തേങ്ങാചമ്മന്തി അത്താഴത്തിന്റെ പ്രധാന ഇനമാണ്. നേർത്ത പത്തിരിക്കൊപ്പം പ്രത്യേക രുചിയാണ്. മുരിങ്ങ ഇലയ്ക്കൊപ്പം മാസ് കറിവയ്ക്കുന്നതും പതിവായിരുന്നു. ഇതുപയോഗിച്ച് ബിരിയാണി വയ്ക്കുന്നവരുമുണ്ട്.
പണ്ട് പൊന്നാനി അങ്ങാടിയിലെ കണ്ടത്ത് വീട്ടിൽ കുഞ്ഞീന്റെയും ഹൽവക്കാരൻ കോയട്ടിയുടെയും കടകളിൽ മാസ് ലഭ്യമായിരുന്നു. ഇപ്പോഴും മാസ് വരുത്തിക്കുന്നവരുണ്ട്. പക്ഷേ, ആവശ്യക്കാർ കുറവ്. കിലോയ്ക്ക് 750 രൂപയാണ് ഇപ്പോൾ വില.
മിനിക്കോയിയിൽ നിന്നാണ് പൊന്നാനിയിലേക്ക് പ്രധാനമായും മാസ് എത്തിയിരുന്നത്. ഇന്ന് വിദേശ രാജ്യങ്ങളിലേക്കും കയറ്റി പോകുന്നുണ്ട്. ഇവിടെ ലഭിക്കുന്ന ചൂര ഉപയോഗിച്ച് മാസ് ഉണ്ടാക്കിയാൽ നന്നാകില്ലെന്നാണ് പറയപ്പെടുന്നത്. ദ്വീപിനോട് ചേർന്ന കടലിൽ നിന്ന് പിടിക്കുന്ന ചൂര നിശ്ചിത ചൂടിലുള്ള ആവിയിൽ പുഴുങ്ങി ഉണക്കിയെടുക്കുന്നതാണ് മാസ്.
മാസ് ഉണ്ടാക്കുന്ന വിധം
വലിയ ചൂരമീനുകളെ നടുവിലൂടെ പിളർന്നു തലയും കുടലും മുള്ളും നീക്കിയെടുക്കുകയാണ് ആദ്യ ഘട്ടം. ഇതിനു ശേഷം പ്രത്യേക അനുപാതത്തിൽ കടൽജലവും ശുദ്ധജലവും ചേർത്തു തിളപ്പിച്ചു പുഴുങ്ങും. 4-5 മണിക്കൂർ വരെ പുക കൊള്ളിച്ച ശേഷം രണ്ടായി മുറിച്ച് ഒരാഴ്ചയിലേറെ വെയിലത്ത് ഉണക്കും. ഇരുണ്ട തവിട്ടു നിറമാവുന്നതോടെ ഉപയോഗിക്കാം. ദ്വീപിലെ കുടിൽ വ്യവസായമാണിത്
ശർക്കരയും അമ്പറും
കുഴമ്പ് രൂപത്തിലാണെന്നുള്ളതാണ് ദ്വീപിലെ ശർക്കരയുടെ പ്രത്യേകത. പെരുന്നാളിനുണ്ടാക്കുന്ന അരീരപ്പം, ബിണ്ടി ഹൽവ എന്നിവയ്ക്ക് ഉപയോഗിച്ചിരുന്നു. കിലോയ്ക്കിപ്പോൾ 1100 രൂപയാണ്. കുറഞ്ഞ വിലയിൽ പ്രദേശിക ശർക്കര ലഭ്യമായതോടെ ആവശ്യക്കാർ കുറഞ്ഞു.
തിമിംഗലം പുറത്ത് വിടുന്ന അമ്പർ എന്ന ഔഷധ ഗുണമുള്ള ഉത്പന്നവും ദ്വീപിൽ നിന്നെത്തിയിരുന്നു. മീൻ അമ്പർ, പൊന്നമ്പർ എന്നിങ്ങനെ രണ്ടു തരമുണ്ട്. സുഗന്ധദ്രവ്യങ്ങളിൽ മിശ്രിതമായാണ് ഉപയോഗിച്ചിരുന്നത്. പവിഴപ്പുറ്റ് ധാരാളമായെത്തിയിരുന്നു.
പൊന്നാനിയും ദ്വീപും തമ്മിലുള്ള കച്ചവട ബന്ധത്തിന്റെ കണ്ണിയായിരുന്നു മാസും ശർക്കരയും. പഴയ ഓർമ്മയുടെ ഭാഗമായി ഇപ്പോഴും മാസ് കടയിൽ വിൽക്കുന്നുണ്ട്.
കെ എസ് ഇർസു റഹ്മാൻ, കച്ചവടക്കാരൻ