sahfi
പാ​ല​ക്കാ​ട് ​നി​ന്ന് ​ഹാ​ട്രി​ക് ​ജ​യം​ ​നേ​ടി​യ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​ന​ന്ദി​ ​പ്ര​കാ​ശി​പ്പി​ക്കു​ന്നു.​ ​ഫോ​ട്ടോ​:​പി.​എ​സ്.​മ​നോ​ജ്

പാലക്കാട്: ദീർഘദൂര ഓട്ടമത്സരത്തിൽ പതിയെ തുടങ്ങി, നില മെച്ചപ്പെടുത്തി അവസാന ലാപ്പിൽ കുതിച്ച് എതിരാളിയെ പരാജയപ്പെടുത്തുന്ന മികച്ചൊരു അത്‌ലറ്റിനെ പോലെയായിരുന്നു ഷാഫിയുടെ പ്രകടനം. രാവിലെ എട്ടിന് പോസ്റ്റൽ വോട്ടെണ്ണിത്തുടങ്ങിയത് മുതൽ മെട്രോമാന് പിന്നിലായിരുന്നു ഷാഫി.

ഉച്ചയോടെ 18-ാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോഴാണ് ആദ്യമായി ഷാഫി ലീഡ് നേടിയത്. പിന്നീട് പിരായിരി പഞ്ചായത്ത് എണ്ണിയപ്പോൾ 3840 വോട്ടിന് ഹാട്രിക് ജയമുറപ്പിച്ചു. അവസാന കണക്കിൽ ഭൂരിപക്ഷത്തിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. ഈ മൂവായിരത്തിന് മുപ്പതിനായിരത്തിന്റെ വിലയുണ്ടെന്ന് പ്രവർത്തനത്തിലൂടെ പാലക്കാട്ടെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കുമെന്ന് ഷാഫി പറഞ്ഞു. നന്ദി വാക്കുകളിലല്ല, പ്രവർത്തനത്തിലൂടെ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നതിന്റെ തെളിവാണ് ഈ ഫലം. മെട്രോമാൻ ഇ.ശ്രീധരന്റെ സ്ഥാനാർത്ഥിത്വമാണ് പാലക്കാടിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കിയത്. കോൺഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് മറനീക്കി പുറത്തുവന്നതും ഹൈക്കമാന്റ് ഇടപെട്ട് പരിഹരിക്കുന്ന സാഹചര്യവുമുണ്ടായി. ഇതെല്ലാം യു.ഡി.എഫിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തൽ. നഗരഹൃദയം ഷാഫിയെ കൈവിട്ടപ്പോൾ പിരായിരി, മാത്തൂർ പഞ്ചായത്തുകളിലെ വോട്ടർമാരാണ് വിജയതീരത്തെത്തിച്ചത്.

ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് ആകെ 180 ബൂത്താണുള്ളത്. ആദ്യഘട്ടത്തിൽ 6000 വോട്ടിന്റെ ഭൂരിപക്ഷം വരെ ഉണ്ടായിരുന്നു ഇ.ശ്രീധരന്. എൻ.ഡി.എ പ്രതീക്ഷിച്ച 10000 വോട്ടിന്റെ ഭൂരിപക്ഷം നഗരസഭയിൽ ലഭിക്കാത്തത് അവർക്ക് തിരിച്ചടിയായി. വോട്ടെണ്ണൽ പഞ്ചായത്തുകളിലേക്ക് എത്തിയപ്പോൾ അത് മറികടക്കാൻ ഷാഫിക്ക് കഴിഞ്ഞു. ഇതിലൂടെ യു.ഡി.എഫ് പാലക്കാട് നിലനിറുത്തി.

ഷാഫിക്കും ശ്രീധരനുമെതിരെ എൽ.ഡി.എഫ് കളത്തിലിറക്കിയ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി.പ്രമോദ് മൂന്നാംസ്ഥാനത്ത് ഒതുങ്ങി. കഴിഞ്ഞ രണ്ടുതവണയും പാലക്കാടിന്റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ൽ സി.ഐ.ടി.യു നേതാവ് കെ.കെ.ദിവാകരനെ 7403 വോട്ടിനാണ് തോല്പിച്ചത്. 2016ൽ ഷാഫിയെ നേരിടാൻ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച എൻ.എൻ.കൃഷ്ണദാസിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്ന് ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് ഷാഫി അന്ന് നേടിയത്.