പാലക്കാട്: ജില്ലയിലെ 12 മണ്ഡലങ്ങളിൽ പത്തിലും എൽ.ഡി.എഫ് ചെങ്കൊടി പാറിച്ചു. തൃത്താലയിൽ അട്ടിമറി വിജയമായിരുന്നു. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 36674 വോട്ടിനാണ് ഷൊർണൂരിൽ ഇടതു സ്ഥാനാർത്ഥി പി. മമ്മിക്കുട്ടി യു.ഡി.എഫിലെ ടി.എച്ച്.ഫിറോസ് ബാബുവിനെ പരാജയപ്പെടുത്തിയത്.
ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും ആലത്തൂരിൽ കെ.ഡി. പ്രസേനനും ലീഡ് 33000ത്തിന് മുകളിലാണ്. തൃത്താലയിലെ അട്ടിമറിയാണ് ഇടതുമുന്നണിയുടെ വിജയത്തിളക്കം വർദ്ധിപ്പിക്കുന്നത്. 3173 വോട്ടുകൾക്കാണ് വി.ടി.ബൽറാമിൽ നിന്ന് തൃത്താലയെ എ.ബി.രാജേഷ് ഇടതുപാളയത്തിലെത്തിച്ചത്.
മെട്രോമാന് നഗരസഭാ പരിധിക്ക് അപ്പുറം ജനപിന്തുണ നേടാൻ കഴിയാതെ പോയി. ആർ.എസ്.എസും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടും വിജയം നേടാൻ കഴിയാതെ പോയത് എൻ.ഡി.എ ക്യാമ്പിനെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
ഇടതു കൊടുങ്കാറ്റിൽ പാലക്കാടിനെ മുറുകെ പിടിച്ച ഷാഫി ജില്ലയിലെ കോൺഗ്രസിന് വലിയ ആശ്വസമാണ്. മണ്ണാർകാട് ജയിച്ച എൻ.ഷംസുദ്ദീനാണ് യു.ഡി.എഫിന്റെ മറ്റൊരു സ്ഥാനാർത്ഥി.
നെന്മാറയിൽ കെ.ബാബു, തരൂരിൽ പിപി,സുമോദ്, കോങ്ങാട് കെ.ശാന്തകുമാരി, മലമ്പുഴയിൽ എ.പ്രഭാകരൻ, ഒറ്റപ്പാലത്ത് കെ.പ്രേകുമാർ, പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മറ്റു ജേതാക്കൾ.