l

പാലക്കാട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ ജില്ല വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്. രണ്ടു ദിവസത്തെ വാരാന്ത്യ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്നലെ നാടും നഗരവും സജീവമായെങ്കിലും ഇന്ന് മുതല്‍ അടുത്ത ഞായര്‍ വരെയുള്ള കടുത്ത നിയന്ത്രണം വ്യാപാരികളെ ആശങ്കയിലാക്കി. അത്യാവശ്യ സര്‍വീസുകളും അവശ്യവസ്തുക്കള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ തുറക്കാന്‍ അനുവാദമുള്ളൂ.

അടുത്താഴ്ച റംസാൻ അടുത്തിരിക്കെ ഈ ആഴ്ച വിപണികളിൽ സാധാരണ നല്ല തിരക്കാണ് അനുഭവപ്പെടുക. എന്നാൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം വന്നതോടെ വസ്ത്രവ്യാപാരം ഉൾപ്പെടെയുള്ള എല്ലാ കച്ചവടക്കാരും ദുരിതത്തിലായി. നിലവിൽ അത്യാവശ്യങ്ങള്‍ക്കൊഴികെ

പുറത്തിറങ്ങരുതെന്ന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഇന്നലെ

നഗരത്തിൽ ഉൾപ്പെടെ തിരക്ക് കുറവായിരുന്നു. സ്വകാര്യ ബസുകൾ മേയ് മേയ് ഒന്നുമുതൽ സർവീസ് നിറുത്തി വച്ചിരുന്നെങ്കിലും ലാഭകരമായി സർവീസ് നടത്താൻ സാധിക്കുന്ന ബസുകൾക്ക് തടസമില്ലെന്നതിനാൽ നഗരത്തിൽ മാത്രം ചുരുക്കം ചില ബസുകള്‍ സര്‍വീസ് നടത്തി.

സ്വകാര്യ വാഹനങ്ങൾ, ഓട്ടോ തുടങ്ങിയ അത്യാവശ്യ സര്‍വീസുകളെല്ലാം നിരത്തിലിറങ്ങി. ഇന്നുമുതൽ അവശ്യസർവീസുകളെയും പരിശോധിച്ച ശേഷമേ കടത്തി വിടൂ. അതിനാൽ ലോക്ക് ഡൗണിന് സമാനമായ സ്ഥിതിയായിരിക്കും അടുത്താഴ്ച വരെ ഉണ്ടാകുക. വാരാന്ത്യ ലോക്ക് ഡൗണിന് ശേഷം ഇന്നലെ കെ.എസ്.ആര്‍.ടി.സി പകുതി സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ദീര്‍ഘദൂര ബസ് ഓടുന്നതിന് തടസമില്ലെങ്കിലും ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തണുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ബാങ്കുകൾ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമേ പ്രവർത്തിക്കൂ. മദ്യശാലകൾ പ്രവർത്തിക്കില്ല. ഹോട്ടലുകളിൽ പാഴ്സൽ മാത്രം.

അനാവശ്യ യാത്രകൾക്കെതിരെ കേസെടുത്ത് പിഴ ഈടാക്കുമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം ഞായറാഴ്ച വരെ മാത്രമാണെങ്കിലും കൊവിഡ് വ്യാപനം കുറയാതിരുന്നാൽ നീട്ടുമോ എന്ന ആശങ്കയുണ്ട്.