k

പാലക്കാട്: ഇന്നുമുതല്‍ ഞായര്‍ വരെയുള്ള കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഓടിക്കുക 26 സര്‍വീസ് മാത്രം. ഇന്നലെ ആകെ 33 ഷെഡ്യൂളുകളാണ് പാലക്കാട് നടത്തിയത്. തൃശൂര്‍, കോഴിക്കോട്, ഗുരുവായൂര്‍, വാളയാര്‍, നെല്ലിയാമ്പതി, ഗോപാലപുരം, തോലനൂര്‍ എന്നിവിടങ്ങളിലേക്കാണ് ബസോടുക.

യാത്രക്കാര്‍ കുറവായതിനാൽ ദീര്‍ഘദൂര സര്‍വീസെല്ലാം നിറുത്തിവച്ചു. നിയന്ത്രണ ശേഷം ഇവ പുനഃരാരംഭിക്കും. വാരാന്ത്യ നിയന്ത്രണമുണ്ടായ മേയ് ഒന്നിനും രണ്ടിനും മുപ്പതില്‍ താഴെ സര്‍വീസാണ് പാലക്കാട് ഡിപ്പോയില്‍ നിന്ന് ഓടിയത്. മറ്റു ഡിപ്പോകളിലാകട്ടെ പത്തില്‍ താഴെയും. കളക്ഷനും ഇടിഞ്ഞു. പാലക്കാട്-2,25,268, മണ്ണാര്‍ക്കാട്-29,236, വടക്കഞ്ചേരി-6964, ചിറ്റൂർ-5778 രൂപ എന്നിങ്ങനെയാണ് വരുമാനം.

ഇന്നലെ ഓടിയ വിരലെണ്ണാവുന്ന സ്വകാര്യ ബസുകൾ യാത്രക്കാര്‍ കുറവായതിനാല്‍ ഉച്ചയോടെ ഓട്ടം നിറുത്തി. ഇന്ന് പത്ത് ശതമാനത്തിൽ താഴെ ബസുകൾ സർവീസ് നടത്തുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ പറഞ്ഞു.