ചിറ്റൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സംഭവിച്ചതിനു സമാനമായ പിഴവ് ഇന്നലെ വിളയോടി കരുണ മെഡിക്കൽ കോളേജ് ആശുപത്രിയിലുമുണ്ടായി. ഇവിടെയും മാറി നൽകിയത് കൊവിഡ് രോഗിയുടെ മൃതദേഹം. മങ്കര പൂളോടി പൊന്നയത്ത് വീട്ടിൽ രവിയുടെ (59) മൃതദേഹമാണ് ചികിത്സയിലിരിക്കെ മരിച്ച കണ്ണമ്പ്ര പന്നിയങ്കര ശിവനാന്ദന്റെ (77) കുടുംബാംഗങ്ങൾക്ക് മാറി നൽകിയത്. മൃതദേഹം തിരുവില്വാമല ഐവർ മഠത്തിൽ സംസ്കരിച്ചു.
ഇന്നലെ ഉച്ചയോടെ രവിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോഴാണ് പിഴവ് പുറത്തറിയുന്നത്. മീനാക്ഷിപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. ജീവനക്കാർക്കു പറ്റിയ വീഴ്ചയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മീനാക്ഷിപുരം പൊലീസ് കേസെടുക്കുകയും രവിയുടെ ചികിത്സാരേഖകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കഞ്ചിക്കോട് കിൻഫ്രയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന രവിയെ അഞ്ചുദിവസം മുമ്പാണ് കരുണയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ മരിച്ചു. ബന്ധുക്കളും അറ്റന്റഡറും ചേർന്നാണ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്. രാവിലെ എട്ടിന് നടപടി പൂർത്തിയായെങ്കിലും ചികിത്സാ ചെലവിന്റെ പേരിൽ മൃതദേഹം വിട്ടുനൽകിയിരുന്നില്ല. ഇതിനിടെ 10.30ന് ശിവാനന്ദന്റെ ബന്ധുക്കളെത്തി. രവിയുടെ മൃതദേഹമാണ് അവർക്ക് നൽകിയത്. ബിൽ സംബന്ധമായ തർക്കം തീർത്ത് രവിയുടെ ബന്ധുക്കൾ മോർച്ചറിയിലെത്തിയപ്പോഴാണ് ജീവനക്കാർക്ക് അബന്ധം മനസിലായത്.
ഉടൻ ശിവനാന്ദന്റെ ബന്ധുക്കളെ വിളിച്ചെങ്കിലും അവർ മൃതദേഹം ദഹിപ്പിച്ചിരുന്നു. രവിയുടെ ബന്ധുക്കൾ ബഹളം വച്ചതോടെ പൊലീസെത്തി നടപടിയെടുക്കാമെന്ന് ഉറപ്പുനൽകി. രവിയുടെ മൃതദേഹവുമായി പോയവർ വൈകിട്ട് നാലോടെ തിരിച്ചെത്തി ശിവാനന്ദന്റെ മൃതദേഹവും ഏറ്റുവാങ്ങി.