k

24X7 വിളിക്കാം ടോൾ ഫ്രീ നമ്പർ: 1912

പാലക്കാട്: ഓഫീസിൽ കയറിയിറങ്ങി സമയം പാഴാക്കാതെ കെ.എസ്.ഇ.ബിയുടെ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തി നിമിഷ നേരം കൊണ്ട് ആവശ്യങ്ങൾ സാധിച്ചെടുക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1912 എന്ന ടോള്‍ ഫ്രീ നമ്പറിൽ വിളിച്ചാൽ

അതിവേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ലോക്ക് ഡൗണിൽ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.

സൗകര്യം നിലവിൽ വന്ന് മാസങ്ങളായെങ്കിലും പകല്‍ ചുരുക്കം പേര്‍ വിളിക്കുന്നതൊഴിച്ചാല്‍ രാത്രിയും അവധി ദിവസങ്ങളിലും പ്രതികരണം കുറവാണ്. സേവനം സംബന്ധിച്ച് കൃത്യമായ ധാരണ ഇല്ലാത്തതാണ് ടോൾ ഫ്രീ നമ്പർ ഉപയോഗിക്കുന്നതിന് ജനം മടിക്കുന്നത്. മുമ്പ് വൈദ്യുതി തടസപ്പെട്ടാല്‍ മാത്രം പരാതിപ്പെടാനായിരുന്നു ഈ സേവനം. കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗൺ മുതലാണ് എല്ലാ പരാതികള്‍ക്കും പരിഹാരം കാണാന്‍ ഈ സേവനം ഉപയുക്തമാക്കിയത്. പുതിയ കണക്ഷന്‍, ഉടമസ്ഥാവകാശം, ഫേസ്-കണക്ടഡ് ലോഡ്, വൈദ്യുതി മീറ്റര്‍-ലൈന്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇതിൽ ലഭ്യമാണ്.

ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ലഭ്യമാണെങ്കിലും രാത്രി പോലും വൈദ്യുതി തടസം അടക്കമുള്ള പ്രശ്‌നമുണ്ടായാല്‍ ആളുകള്‍ സെക്ഷൻ ഓഫീസുകളിലേക്ക് നേരിട്ട് വിളിക്കുകയാണ് ചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ തകരാർ സംഭവിച്ച സന്ദര്‍ഭമാണെങ്കില്‍ ഒരേ സമയം നിരവധിയിടങ്ങളില്‍ വൈദ്യുതി തടസമുണ്ടാകും. ഇതുകാരണം നിരവധി പേര്‍ ഓഫീസുകളിലേക്ക് വിളിക്കുമ്പോള്‍ കിട്ടാനുള്ള സാദ്ധ്യത കുറവാണ്. ഇത്തരം സാഹചര്യത്തില്‍ '1912" സേവനം ഉപയോഗിച്ച് പെട്ടെന്ന് പരാതി രജിസ്റ്റര്‍ ചെയ്യാം. ഉടൻ കമ്പ്യൂട്ടര്‍ സംവിധാനം വഴി അതത് സെക്ഷന്‍ ഓഫീസില്‍ വിവരം ലഭിക്കും. ഉദ്യോഗസ്ഥര്‍ ഉടൻ ഉപഭോക്താവിനെ ബന്ധപ്പെട്ട് വിശദാംശം തേടി നടപടി സ്വീകരിക്കും.

സേവനം ഓൺലൈനിലും

സേവനങ്ങൾക്ക് ഓൺലൈൻ വഴിയും അപേക്ഷിക്കാം. സാധാരണക്കാർക്ക് ഓൺലൈൻ അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ പോകണം. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കും മറ്റും കാരണം ഭൂരിഭാഗം പേരും അപേക്ഷയുമായി ഓഫീസുകളിൽ എത്താറാണ് പതിവ്. ചുരുക്കം ചിലർ മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.

ആപ്പ് റെഡിയാകുന്നു

2020 ഒക്ടോബർ ഒന്നാണ് ജില്ലയിൽ വാതിൽപ്പടി സേവനം ആരംഭിച്ചത്. സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്പ് ഒരു മാസത്തിനുള്ളിൽ തയ്യാറാകും. നിലവിൽ ഫീൽഡ് ഓഫീസർ ഉപഭോക്താക്കളുടെ അപേക്ഷ ഓഫീസിലിരുന്ന് കമ്പ്യൂട്ടറിൽ എൻട്രി ചെയ്യുകയാണ്. എന്നാൽ ആപ്പ് വഴി പരാതി ലഭിച്ചാലുടൻ വീട്ടിലെത്തി എല്ലാ വിവരങ്ങളും എൻട്രി ചെയ്യും. അതിനാൽ ഉപഭോക്താക്കൾക്ക് ഓഫീസിൽ വരേണ്ട ആവശ്യമില്ല. 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞാൽ മാത്രം മതി.

-സി.വി.കൃഷ്ണദാസ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, പാലക്കാട്.