പാലക്കാട്: കൊവിഡിന്റെ തീവ്രസ്വഭാവമുള്ള വകഭേദങ്ങളെ കണ്ടെത്തുകയും അത് വായുവിലൂടെ പകരാൻ സാദ്ധ്യതയുണ്ടെന്ന വിവരം പുറത്തുവരുകയും ചെയ്ത സാഹചര്യത്തിൽ നിലവിലെ 'മാസ്ക് രീതി" ഫലപ്രദമാകില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. വൈറസ് ശരീരത്തിലേക്ക് കടക്കാതെ 95% പ്രതിരോധം ഉറപ്പാക്കാൻ നിലവിൽ മുന്നോട്ടുവയ്ക്കുന്ന ആശയം ഇരട്ടമാസ്‌ക് എന്നാണ്.
മാസ്‌ക് മുഖവുമായി കൃത്യമായി ചേർന്നിരുന്ന് വായു ചോരുന്നത് തടയാനും പാളികളുടെ എണ്ണം കൂട്ടി ഫിൽറ്ററേഷൻ കാര്യക്ഷമമാക്കുന്നതുമാണ് ഈ രീതി. രോഗവ്യാപന സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ, ഒരു മാസ്‌കിന് മുകളിൽ മറ്റൊരു മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളോ വൈറസ് നിറഞ്ഞ വായുവോ പുറത്തുകടക്കാതെ തടയാനും പുറത്തുനിന്നുള്ള സ്രവങ്ങളോ വൈറസ് നിറഞ്ഞ വായുവോ ശ്വസിക്കാതെ രോഗവ്യാപനം തടയാൻ ഈ രീതി സഹായമാകും.
ഡബിൾ മാസ്ക് ധരിക്കുന്ന വിധം
1. പല പാളികളുള്ള തുണി മാസ്‌കും സർജിക്കൽ മാസ്‌കുമാണ് ഉപയോഗിക്കേണ്ടത്. തുണി മാസ്‌കിന് ശേഷമാണ് സർജിക്കൽ മാസ്‌ക് ധരിക്കേണ്ടത്. പല പാളികളുള്ള തുണി മാസ്‌കാണെങ്കിൽ 51.4% പ്രതിരോധം മാത്രമേ ലഭിക്കൂ.
2. ചരടിൽ കെട്ടിട്ട ശേഷം സർജിക്കൽ മാസ്‌ക് ഉപയോഗിക്കുകയാണെങ്കിൽ വൈറസിൽ നിന്ന് 77% പ്രതിരോധം ഉറപ്പാക്കാം. തുണി മാസ്‌കും സർജിക്കൽ മാസ്‌കും ഒരുമിച്ചുള്ള രീതിയാണെങ്കിൽ 85.4% സംരക്ഷണം ഉറപ്പാക്കാം.
3. രണ്ട് സർജിക്കൽ മാസ്‌കുകളോ പുനരുപയോഗിക്കാനാകാത്ത രണ്ടു മാസ്‌കുകളോ ഒരുമിച്ചുപയോഗിക്കരുത്.
4. മറ്റേതൊരു മാസ്‌കാണെങ്കിലും അവയ്‌ക്കൊപ്പം എൻ-95 മാസ്‌ക് ഒരു കാരണവശാലും ഉപയോഗിക്കരുത്. എൻ-95 മാസ്‌ക് ഒരെണ്ണം മാത്രമായേ എല്ലായ്പ്പോഴും ഉപയോഗിക്കാവൂ.
5. മാസ്‌കുകളിൽ അണുനശീകരണ വസ്തുക്കളൊന്നും പ്രയോഗിക്കരുത്. സ്‌പ്രേ ചെയ്യാനും പാടില്ല. കീറിയതോ അഴുക്കു പുരണ്ടതോ ആയ മാസ്‌ക് ഒരു കാരണവശാലും ഉപയോഗിക്കരുത്.