oxygen-

പാലക്കാട്: ഓക്സിജന്‍ ടാങ്കറുകളുടെ സുഗമമായ നീക്കത്തിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സംഘം. ഓക്സിജന്‍ ഉല്പാദന പ്ലാന്റുകളിലെ വാഹനങ്ങളുടെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കുകയാണ് സ്ക്വാഡ് പ്രവർത്തനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആറ് സ്ക്വാഡുകളാണ് ഓരോ ജില്ലയിലുമുള്ളത്. ഇതില്‍ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.ഐമാരും ഉണ്ട്.

കഞ്ചിക്കോട് ഐനോക്സ് എയര്‍ പ്രൊഡക്ട്, വെങ്കിടേശ്വര ഓക്സിജന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്ന് ദിനംപ്രതി മുപ്പതോളം ടാങ്കറുകളാണ് സംസ്ഥാനത്തിനകത്ത് പല സ്ഥലങ്ങളിലേക്കും പോകുന്നത്. ഏറ്റവും വലിയ പ്ലാന്റായ ഐനോക്സില്‍ നിന്ന് 18 ടാങ്കർ സര്‍വീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് സ്ക്വാഡ് അകമ്പടി നല്‍കും. അതിര്‍ത്തിയില്‍ അതത് ജില്ലകളിലെ സ്ക്വാഡുകള്‍ക്ക് കൈമാറും. ടാങ്കറുകളുടെ നീരിക്ഷണത്തിന് ജി.പി.എസ്, വി.എൽ.ടി.എസ് സംവിധാനമുണ്ട്. വാഹനങ്ങള്‍ ഓരോ ജില്ല കടന്നുപോകുമ്പോഴും ഓക്സിജന്‍ വാര്‍ റൂമിലേക്ക് വിവരം കൈമാറും. സ്ക്വാഡ് പ്രവർത്തനത്തിന്റെ ഭാഗമായി ഓക്സിജന്‍ വിതരണം തടസപ്പെടാതിരിക്കാൻ ടാങ്കറുകള്‍ക്ക് ബീക്കണ്‍ ലൈറ്റുകളും സൈറണും ഘടിപ്പിക്കും.

നിലവില്‍ വാഹനങ്ങള്‍ പരിശോധനയും തടസവുമില്ലാതെ കടന്നുപോകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വി.എ.സഹദേവനാണ് നോഡല്‍ ഓഫീസര്‍. എം.വി.ഐ പി.എം.രവികുമാറിനാണ് സ്ക്വാഡിന്റെ ചുമതല.