പാലക്കാട്: സ്വകാര്യ ആശുപത്രികളില്‍ 50% കിടക്ക കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കുന്ന സാഹചര്യത്തില്‍ നിലവിലെ ഓക്സിജന്റെ ആവശ്യവും വേണ്ടിവരുന്ന സിലിണ്ടറുകളും സംബന്ധിച്ച് പദ്ധതി തയ്യാറാക്കണമെന്ന് അവലോകന യോഗത്തിൽ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നിർദേശിച്ചു.
കൊവിഡ് രോഗികളില്‍ 25% പ്രവേശനം ഡി.പി.എം.എസ്.യു (ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ്) മുഖേനയാവണം നടപ്പാക്കേണ്ടത്. ഓക്സിജന്‍ അളവ് വര്‍ദ്ധിപ്പിക്കുന്ന പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം. കൂടുതല്‍ ആശുപത്രികളിലും എ കാറ്റഗറിയിലുള്ള രോഗികളാണ് അധികം. നിലവിലെ ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ച് ബി, സി കാറ്റഗറിയിലുള്ള രോഗികള്‍ക്ക് കിടക്ക ലഭ്യമാക്കാന്‍ എ കാറ്റഗറി രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നത് നിയന്ത്രിക്കണം.
എല്ലാ സ്വകാര്യ ആശുപത്രികളും ഓക്സിജന്‍ വിതരണ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെട്ട് അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ വാര്‍ റൂമില്‍ ആവശ്യം മുന്‍കൂട്ടി അറിയിക്കണം. ഏകദേശം നാലുമുതല്‍ അഞ്ചുമണിക്കൂര്‍ വരെയാണ് ഓക്സിജന്‍ ഏര്‍പ്പാടാക്കാന്‍ വേണ്ട സമയം. ഈ സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ ഓക്സിജന്‍ ലഭ്യത കൃത്യമായി നിരീക്ഷിക്കുകയും കുറവുണ്ടെങ്കില്‍ മുന്‍കൂട്ടി ആവശ്യപ്പെടുകയും വേണം. ഓക്സിജന്‍ ഓഡിറ്റ് കമ്മിറ്റി കൃത്യമായി ഓഡിറ്റ് നടത്തി വേസ്റ്റേജ് ഒഴിവാക്കണം.
കൊവിഡ് മരണം കൃത്യമായി കൊവിഡ് കണ്‍ട്രോള്‍ സെല്ലിലും ഡി.പി.എം.എസ്.യുവിലും അറിയിക്കണം. കൃത്യമായ പരിശോധനകളും കേസ് ഷീറ്റുമായി ബന്ധപ്പെട്ട വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മൃതദേഹം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം. മൃതദേഹം മാറിപ്പോകാതിരിക്കാനുള്ള മുന്‍കരുതൽ സ്വീകരിക്കണം.
കൃത്യമായ പരിശോധനയോ വിലയിരുത്തലോ ഇല്ലാതെ പരിഭ്രാന്തിയുണ്ടാക്കും വിധം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ഓക്സിജന്‍ കൈകാര്യം ചെയ്യുന്നതിന് മുന്നോടിയായി ഫയര്‍ ആന്റ് സേഫ്‌റ്റി സംബന്ധമായ ഉപകരണങ്ങളുടെയും മറ്റും പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം.
യോഗത്തില്‍ ഡി.എം.ഒ ഡോ.കെ.പി.റീത്ത, ഡി.പി.എം.എസ്.യു നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി, കാസപ് ഡി.പി.എം. അരുണ്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.