തൃത്താല: വേനൽച്ചൂടിൽ നീരൊഴുക്ക് നിലച്ച് വെള്ളിയാങ്കല്ല് തടയണ. പരമാവധി മൂന്നര മീറ്റർ സംഭരണ ശേഷിയുള്ള തടയണയിലെ നിലവിലെ ജലനിരപ്പ് 10 സെ.മീ മാത്രം. ഇതോടെ കുടിവെള്ള വിതരണം ആശങ്കയിലായി. പട്ടാമ്പി താലൂക്കിലെ എട്ട് പഞ്ചായത്തും തൃശൂർ ജില്ലയിലെ ചാവക്കാട്, കുന്നംകുളം, ഗുരുവായൂർ നഗരസഭകളും അഞ്ച് പഞ്ചായത്തും വെള്ളത്തിന് വെള്ളിയാങ്കല്ലിനെയാണ് ആശ്രയിക്കുന്നത്.
തടയണ വറ്റിയതോടെ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ജല വിതരണം ഭാഗികമായാണ് നടക്കുന്നത്. മലമ്പുഴ ഡാമിൽ നിന്ന് വെള്ളമെത്തിയാലേ ജല വിതരണം സാധാരണ ഗതിയിലാവൂ. നിളയിലെ കുടിവെള്ള പദ്ധതികൾക്കായി മലമ്പുഴ വെള്ളം തുറന്നിട്ടുണ്ട്. ഒറ്റപ്പാലം, ഷൊർണൂർ ഭാഗത്തെ തടയണകൾ നിറഞ്ഞേ വെള്ളം തൃത്താലയിലേക്കെത്തൂ. ഇതിന് ഒരാഴ്ചയിലേറെ കാത്തിരിക്കണം.