k
പാലക്കാട് സ്റ്റാന്റിൽ അനുഭവപ്പെട്ട തിരക്ക്

പാലക്കാട്: ലോക്ക് ഡൗണിന് മുന്നോടിയായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനായി ഇന്നലെ കെ.എസ്.ആര്‍.ടി.സി കൂടുതൽ ദീര്‍ഘദൂര സര്‍വീസ് നടത്തി. പുലര്‍ച്ചെ 4.30 മുതല്‍ രാത്രി ഒമ്പതുവരെ ബസുകള്‍ ഓടി. തിരുവനന്തപുരം- നാല്, തൃശൂര്‍- ആറ്, കോഴിക്കോട്- ഒമ്പത്, പട്ടാമ്പി- ഏഴ്, ഗോപാലപുരം- രണ്ട്, വാളയാര്‍- ആറ് എന്നിങ്ങനെയാണ് സര്‍വീസ് നടത്തിയത്. ഇതിനുപുറമേ മറ്റ് സര്‍വീസുകളും ചേര്‍ത്ത് 36 ബസുകള്‍ പാലക്കാട് നിന്ന് ഓടി.

മണ്ണാര്‍ക്കാട്- 13,​ വടക്കഞ്ചേരി- 16, ചിറ്റൂര്‍- 20 എന്നിങ്ങനെയും സര്‍വീസ് നടത്തി. ഒമ്പതു ദിവസത്തേക്ക് ലോക്ക് ഡൗണായതിനാല്‍ ബസുകളിലെല്ലാം യാത്രക്കാരുടെ നല്ല തിരക്കനുഭവപ്പെട്ടു.

വ്യാഴാഴ്ച പാലക്കാട്- 27,​ മണ്ണാര്‍ക്കാട്, ചിറ്റൂര്‍- ഒമ്പത് വീതം,​ വടക്കഞ്ചേരി- എട്ട് സര്‍വീസ് നടത്തി. 1,62,960 രൂപയാണ് പാലക്കാട് ഡിപ്പോയിലെ വ്യാഴാഴ്ചത്തെ വരുമാനം. മണ്ണാര്‍ക്കാട്- 45,211,​ വടക്കഞ്ചേരി- 53,619,​ ചിറ്റൂർ- 64,420 കളക്ഷന്‍ ലഭിച്ചു.

ബോണ്ട് മുടങ്ങില്ല

ഇന്നുമുതല്‍ 16 വരെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തില്ല. അതേ സമയം കോയമ്പത്തൂരിലേക്കുള്ള ബോണ്ട് ബസുകൾ ഓടും. ഇതിന് പ്രത്യേക അനുമതി തേടിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാലും സർവീസ് നടത്തും.

ജീവനക്കാര്‍ക്ക് വാക്സിന്‍

ജില്ലയിലെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ഇന്ന് വാക്സിനേഷന്‍ ക്യാമ്പ് നടത്തും. പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിലെ കെ.എസ്.ആര്‍.ടി.സി ഓഫീസില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വാക്സിന്‍ നല്‍കും.