മരണം 212
പാലക്കാട്: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ ജില്ലയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 2020 ഫെബ്രുവരിയിലെ ആദ്യ കൊവിഡ് കേസ് മുതൽ 2021 മേയ് ആറ് വരെ 1,01,916 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നാംതരംഗത്തിൽ പ്രതിദിനം 1000 കടന്നെങ്കിൽ രണ്ടാം തരംഗത്തിൽ 3000ത്തിന് അടുത്താണ് രോഗികൾ. രോഗികളുടെ എണ്ണം ഇനിയും ക്രമാതീതമായി ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 17,049 പേർ രോഗബാധിതരായി. 74,884 പേർ രോഗമുക്തരായി. 27,138 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 212 പേരാണ് മരിച്ചത്. 2020 ജൂൺ രണ്ടിനാണ് ജില്ലയിലെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 73 വയസുകാരിയായ കടമ്പഴിപ്പുറം സ്വദേശിനിയാണ് മരിച്ചത്.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കി മരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ ആവശ്യത്തിന് ഓക്സിജൻ ജില്ലയിലുണ്ട്. കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആശുപത്രിയിലും ലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തവരെ വീടുകളിലുമാണ് ചികിത്സിക്കുന്നത്. ലോക്ക് ഡൗണോടെ രോഗികളുടെ എണ്ണം കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.