പാലക്കാട്: കൊവിഡ് രണ്ടാംതരംഗം പിടിതരാതെ കുതിക്കുമ്പോൾ ഓക്സീമീറ്റർ, സർജിക്കൽ മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾക്ക് ക്ഷാമം. ഇതോടൊപ്പം വിലയും വർദ്ധിക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നു.
വീടുകളിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ഇരട്ട മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണം കർശനമാക്കിയതുമാണ് ഇത്തരം വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കാനിടയാക്കിയത്. ഈ സാഹചര്യം കച്ചവടക്കാരും വിതരണക്കാരും പരമാവധി ചൂഷണം ചെയ്യുകയാണ്. കൃത്രിമ ക്ഷാമവും ചൂഷണവും തടയാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനാണ് വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളോട് ഓക്സീമീറ്റർ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നത്. ആറുമാസം മുമ്പ് 500-800 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 1500 മുതൽ മുകളിലേക്കാണ് വില. ഓൺലൈനിലും വില ഇരട്ടിച്ചിട്ടുണ്ട്.
മാസ്ക് വില ഇരട്ടിയായി
കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ ഇരട്ടമാസ്ക് നിർബന്ധമാക്കിയതോടെ എൻ 95, സർജിക്കൽ മാസ്ക് വില്പന വർദ്ധിച്ചു, ഒപ്പം വിലയും കുത്തനെ കൂടി. ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ എൻ 95 മാസ്ക് ഒന്നിന് 40 മുതൽ 80 രൂപ വരെയാണ് ഈടാക്കുന്നത്. ഇതിന്റെ വ്യാജനും സുലഭമാണ്. ഗുണനിലവാരം കുറഞ്ഞ ഇത്തരം മാസ്കുകൾ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സർജിക്കൽ മാസ്കിന് രണ്ടാഴ്ചയ്ക്കിടെ വില ഇരട്ടിയായി. ഏപ്രിൽ ആദ്യം ഏഴുരൂപ വരെ വാങ്ങിയിരുന്നത് ഇപ്പോൾ 12 ആയി.
ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ സാധനങ്ങൾ പൂഴ്ത്തിവച്ച് വിപണിയിൽ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ്. ഇത് തടയാൻ ജില്ലാ ഭരണകൂടവും ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും ഇനിയും നടപടിക്ക് മുതിർന്നിട്ടില്ല.