c

പാലക്കാട്: ലോക്ക് ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പൊലീസ് പരിശോധന കർശനമായി തുടരുന്നതിനിടെ ഇ-പാസിന് വൻതിരക്ക്. പരിശോധനയിൽ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളെല്ലാം നിരസിക്കുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റ ഭാഗമായാണിത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഇത്തരത്തിൽ 25000 അപേക്ഷ നിരസിച്ചു.

വാളയാർ അതിർത്തിയിലും സമാന സാഹചര്യമാണ്. ഇന്നലെ മാത്രം നൂറുകണക്കിന് പാസ് നിരസിച്ചതായി അധികൃതർ അറിയിച്ചു. അപേക്ഷ നൽകേണ്ട സൈറ്റിൽ വൻ തിരക്കാണ്. കൂലിപ്പണിക്കാർ, ദിവസ വേതനക്കാർ എന്നിവർക്ക് ജോലിക്ക് പോകുന്നതിന് പാസ് അനുവദിക്കും. ഇതിന് തൊഴിലുടമയ്ക്കോ തൊഴിലാളിക്കോ അപേക്ഷിക്കാം.

ലോക്ഡൗൺ ഇളവ് ലഭിച്ച മറ്റ് തൊഴിൽ മേഖലയിൽപ്പെട്ടവർക്കും മരണം, ആശുപത്രി, വിവാഹം എന്നീ അടിയന്തര ആവശ്യമുള്ളവർക്കും അപേക്ഷിക്കാം. അവശ്യ വിഭാഗത്തിൽപ്പെട്ടവർക്ക് ഓഫീസ് തിരിച്ചറിയൽ രേഖയുണ്ടായാൽ യാത്രാനുമതി ലഭിക്കും. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് അന്തർ ജില്ലാ യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു.