പാലക്കാട്: കൊവിഡ് രണ്ടാംതരംഗ പശ്ചാത്തലത്തിൽ ജില്ലയിൽ 5488 ബെഡുകൾ സജ്ജീകരിച്ചതായി മെഡി.കോളേജിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലായി 4171ഉം സ്വകാര്യ ആശുപത്രികളിൽ 1317ഉം ബെഡുകളാണ് സജ്ജമാക്കിയത്. സ്വകാര്യാശുപത്രിയിൽ ആകെയുള്ളതിന്റെ 50% കിടക്കകളാണ് കൊവിഡ് ചികിത്സയ്ക്കായി എടുത്തിട്ടുള്ളത്.
294 ഓക്സിജൻ ബെഡിൽ 234ഉം 119 ഐ.സി.യു ബെഡിൽ 110ഉം പേർ വീതം ചികിത്സയിലുണ്ട്. ഓക്സിജൻ, ഐ.സി.യു സംവിധാനമുള്ള സ്വകാര്യാശുപത്രികളിൽ 90% ബെഡിലും ആളുകൾ ചികിത്സയിലുണ്ട്. അല്ലാത്ത ബെഡുകളിൽ 50% നിലവിൽ ലഭ്യമാണ്.
മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കിൽ അത് മുന്നിൽക്കണ്ടുള്ള സംവിധാനവും ഒരുക്കും. സർക്കാർ-സ്വകാര്യ ആശുപത്രികൾ, സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി.കൾ, ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവയിൽ ആവശ്യമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കയില്ല. അതിർത്തി ജില്ലയായതിനാൽ ജാഗ്രത വേണം. രാജ്യത്തെ കൊവിഡ് വ്യാപനം കൂടിയ 20 ജില്ലകളിലൊന്നാണ് പാലക്കാട്.
ഓരോ ദിവസവും മരണനിരക്ക് കൂടുന്നതും രോഗികൾ വർദ്ധിക്കുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനം സഹകരിക്കണം. ലോക്ക് ഡൗണിന്റെ ഗുണം രണ്ടാഴ്ച കഴിഞ്ഞാലേ ലഭിക്കൂ. വീടുകളിൽ നിന്ന് കൂടുതലായി രോഗവ്യാപനം ഉണ്ടാകുമെന്നതിനാൽ എല്ലാവരും മാസ്ക് ധരിച്ച് പ്രതിരോധവുമായി മുന്നോട്ടുപോകണം.
ആദിവാസി മേഖലകളിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ രോഗവ്യാപനം മുന്നിൽ കണ്ട് സജ്ജീകരണം നടപ്പാക്കും. വാർഡുതല നിരീക്ഷണ സമിതി പ്രവർത്തനം ശക്തമാക്കാനും തീരുമാനമായി.