ramachandran-obit

പാലക്കാട്: കിണറ്റിൽ വീണ ബക്കറ്റ് എടുക്കാനിറങ്ങിയ അച്ഛനും രക്ഷിക്കാനിറങ്ങിയ മകനും ശ്വാസംമുട്ടി മരിച്ചു. കുഴൽമന്ദം മാത്തൂർ പൊടിക്കുളങ്ങര പനങ്കാവ് വീട്ടിൽ രാമചന്ദ്രൻ (55), മകൻ ശ്രീഹരി (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30നാണ് സംഭവം. വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ രാമചന്ദ്രൻ ശ്വാസംകിട്ടാതെ കുഴഞ്ഞുവീണു. ഇതുകണ്ട മകൻ ശ്രീഹരിയും അയൽവാസി നിധിനും കിണറ്റിലിറങ്ങി. ശ്രീഹരിയും ശ്വാസം ലഭിക്കാതെ കുഴഞ്ഞുവീണു. ശ്രീഹരിയെ രക്ഷപ്പെടുത്താൻ നിധിൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാമചന്ദ്രന്റെ ഭാര്യ പദ്മാവതിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ നിധിനെ കരയ്ക്ക് കയറ്റി. വിവരമറിഞ്ഞ് കോട്ടായി പൊലീസും സ്ഥലത്തെത്തി. തുടർന്ന് ആലത്തൂരിൽ നിന്ന് അഗ്നിശമന സേനയെത്തി രാമചന്ദ്രനെയും ശ്രീഹരിയെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീഹരിയുടെ സഹോദരൻ ശ്രീജിത്ത്.