kseb

പാലക്കാട്: കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കിയതോടെ കണ്ടെയ്‌മെന്റ് സോണിലെ ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് സ്വയം രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെ.എസ്.ഇ.ബി. എസ്.എം.എസ് വഴി അയക്കുന്ന ലിങ്കിൽ പ്രവേശിച്ചാൽ ഉപഭോക്താവിന്റെ വിവരങ്ങളും റീഡിംഗ് രേഖപ്പെടുത്തേണ്ട കോളവും മൊബൈൽ സ്‌ക്രീനിൽ തെളിയും. അതത് പ്രദേശത്തെ മീറ്റർ റീഡറുടെ ഫോൺ നമ്പറുമുണ്ടാകും. സംശയം ഇങ്ങനെ ദുരൂകരിച്ച് റീഡിംഗ് രേഖപ്പെടുത്താം.


റീഡിംഗ് ഇങ്ങനെ

തൊട്ടുമുമ്പത്തെ റീഡിംഗ് സ്‌ക്രീനിൽ കാണാം. ഇതിനടുത്തുള്ള കോളത്തിൽ മീറ്ററിലെ നിലവിലെ റീഡിംഗ് ടൈപ്പ് ചെയ്യാം. തുടർന്ന് മീറ്റർ ഫോട്ടോ എന്ന ബട്ടണമർത്തി ഫോട്ടോയെടുക്കാം. ഈ ഫോട്ടോ സ്‌ക്രീനിലെ മറ്റൊരു കോളത്തിൽ കാണാം. കൺഫോം മീറ്റർ റീഡിംഗ് ബട്ടൺ അമർത്തിയാൽ സെൽഫ് റീഡിംഗ് പൂർത്തിയാകും. മീറ്റർ റീഡർമാർ ഇത് ഒത്തുനോക്കി അടയ്‌ക്കേണ്ട തുക എസ്.എം.എസ് വഴി അറിയിക്കും. തുടർന്ന് ഓൺലൈനിലുൾപ്പെടെ ബില്ലടയ്ക്കാം.

സേവനം പ്രയോജനപ്പെടുത്തണം

കെ.എസ്.ഇ.ബി.യിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തവർക്കേ സേവനം ലഭ്യമാകൂ. നിലവിലെ സാഹചര്യത്തിൽ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണം. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്തതും സ്മാർട്ട് ഫോണില്ലാത്തതുമായ വീടുകളിൽ റീഡിംഗ് പഴയപടി നടക്കും.

സി.വി.കൃഷ്ണദാസ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, പാലക്കാട്.