പാലക്കാട്: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീണ്ടും പ്രതിസന്ധിയുടെ കയത്തിൽപ്പെട്ട് ഉഴലുകയാണ് ചെറുകിട കച്ചവടക്കാർ. ഓൺലൈൻ ഷോപ്പിംഗ് സംവിധാനമില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതോടെ പിടിച്ചുനിൽക്കാനായി ഓൺലൈൻ കച്ചവടത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ ചെറുകിട സ്ഥാപനങ്ങൾ.
ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ ജില്ലയിലെ വൻകിട സ്ഥാപനങ്ങൾ നേരത്തെ തന്നെ ഓൺലൈനിൽ സജീവമാണ്. ലോക്ക് ഡൗണിലും വൻകിട സ്ഥാപനങ്ങൾ വില്പന നടത്തുന്നുണ്ട്. ഇതോടെയാണ് ചെറുകിട കച്ചവടക്കാരും ഈ രീതിയിലേക്ക് മാറുന്നത്. ഹോട്ടലുകളിൽ പകുതിയിലധികം ഓൺലൈനിലൂടെ ഓർഡർ സ്വീകരിച്ച് ഭക്ഷണമെത്തിക്കുന്നുണ്ട്.
കണ്ടെയ്മെന്റ് സോണിലടക്കം കൊവിഡ് മാനദണ്ഡത്തോടെ ഹോം ഡെലിവറി അനുവദിക്കുന്നതിനാൽ ഓൺലൈൻ കച്ചവടത്തിന് വലിയ സാധ്യതയാണ്. കൊവിഡ് മുമ്പുള്ള അത്രയും വില്പനയില്ലെങ്കിലും പിടിച്ചുനിൽക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കഴിയുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
വാട്സ് ആപ്പ് വഴിയും വില്പന
ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തും കണ്ടെയിൻമെന്റ് സോണിലുൾപ്പട്ടതോടെ ആളുകൾ സാധനം വാങ്ങാൻ പോലും കാര്യമായി പുറത്തിറങ്ങുന്നില്ല. ഇത് ചെറുകിട കച്ചവടക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഇത് മറികടക്കാൻ വാട്സ് ആപ്പിലൂടെയും വില്പന നടത്താൻ ശ്രമിക്കുകയാണ് വ്യാപാരികൾ.
വാട്സ് ആപ്പ് നമ്പറിലേക്ക് സാധനങ്ങളുടെ പട്ടിക അയച്ചാൽ വീട്ടിലെത്തിക്കും. നേരിട്ടോ ഓൺലൈനായോ പണം നൽകാം. ഇതിനായി ഓരോ കടകളിലും ഇരുചക്ര വാഹനങ്ങളും സഹായികളുമുണ്ട്. മിക്ക വ്യാപാരികളുടെയും മക്കളോ അടുത്ത ബന്ധുക്കളോ ആണ് ഹോം ഡെലിവറി നടത്തുന്നത്. 5-6 കി.മീ. പരിധിയിലാണ് ഇത്തരത്തിൽ സാധനങ്ങളെത്തിക്കുന്നത്. ഇതിൽ കൂടുതൽ ലാഭകരമല്ല. ഹോം ഡെലിവറിയാണെങ്കിലും അവശ്യസാധനങ്ങൾക്ക് അമിത വില ഈടാക്കില്ല. ഹോം ഡെലിവറിക്ക് നാമമാത്രമായ പണം ഈടാക്കും. പ്രതിസന്ധി കൂടുതൽ കാലം നീണ്ടാൽ എല്ലാവരും ഓൺലൈനിൽ അഭയം പ്രാപിക്കേണ്ടി വരും.
ഗ്രാമീണ മേഖല ഉൾപ്പെടെ എല്ലാ ചെറുകിട കച്ചവടക്കാർക്കും ഓൺലൈൻ വില്പന സാദ്ധ്യമാക്കുന്നതിന് കെ.എച്ച്.ആർ.എ 'റെസോയ്" ആപ്പ് വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. എറണാകുളം ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പാലക്കാടും ലഭ്യമാക്കും.
-എൻ.എം.ആർ.റസാഖ്, ജില്ലാ പ്രസിഡന്റ്, കെ.എച്ച്.ആർ.എ.