o

പാലക്കാട്: ഓക്സി മീറ്ററുകൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ പരിശോധനയും നടപടിയും ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വിഭാഗം. ഓക്സി മീറ്റർ ദൗർലഭ്യം മുതലെടുത്താണ് പല കമ്പനികളും വിതരണക്കാരും കടയുടമകളും വില തോന്നുംപടി കൂട്ടിയത്. നേരത്തെ 800, 900 രൂപയ്ക്ക് ലഭിച്ചിരുന്ന ഓക്സി മീറ്ററിന് 2500 മുതൽ 3000 രൂപ വരെയാണ് നിലവിൽ ഈടാക്കുന്നത്.

ജില്ലയിലെ പ്രധാന മരുന്ന് കടകളിൽ പോലും ഇവ ലഭ്യമല്ല. അവശേഷിക്കുന്ന സ്റ്റോക്കിന് നല്ല വിലയുമാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അമിത വില നിയന്ത്രിക്കാനും പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാനും ഡ്രസ് കൺട്രോൾ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വ്യാജനും സുലഭം


ആവശ്യക്കാർ കൂടിയതോടെ നിർമ്മാണക്കമ്പനിയുടെ പേരോ വിലാസമോ ഒന്നുമില്ലാത്ത ഓക്സി മീറ്ററുകളും വിപണയിൽ സുലഭമാണ്. ഓൺലൈനിൽ 600 രൂപയ്ക്കും വില്പന നടക്കുന്നുണ്ട്. അതിനാൽ ശ്രദ്ധിച്ച് വാങ്ങണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. വ്യാജ ഉല്പന്നങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ കൃത്യമായ സർട്ടിഫിക്കേഷൻ ഉണ്ടോയെന്ന് പരിശോധിക്കണം. സി.ഇ (കൺഫോർമിറ്റി യൂറോപ്യൻ) സർട്ടിഫിക്കേഷൻ അല്ലെങ്കിൽ എഫ്.ഡി.എ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ) സർട്ടിഫിക്കേഷൻ ഉണ്ടോയെന്ന് പരിശോധനിക്കണം.