പാലക്കാട്: ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കുറഞ്ഞതോടെ നിയന്ത്രണം കാറ്റിൽ പറത്തി സംസ്ഥാനത്തേക്ക് വാഹനങ്ങളുടെ ഒഴുക്ക്. വാളയാർ ചെക്ക് പോസ്റ്റിൽ ഉൾപ്പെടെ പരിശോധന നടക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്നും മറ്റും ഊടുവഴികളിലൂടെ നിരവധിയാളുകളാണ് കേരളത്തിലേക്കെത്തുന്നത്.
ചെമ്മണാമ്പതിക്കും ഗോവിന്ദാപുരത്തിനും ഇടയിലുള്ള 14 കി.മീ പരിധിയിൽ ഏഴ് ഊടുവഴികളുണ്ട്. ലോക് ഡൗണിന്റെ ആദ്യനാളുകളിൽ ഊടുവഴികൾ ബാരിക്കേഡ് വച്ച് അടച്ചിരുന്നു, കൂടാതെ ഡ്രോൺ പരിശോധനയും നടന്നിരുന്നു. എന്നാൽ, പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതും പലരും നിരീക്ഷണത്തിൽ പ്രവേശിച്ചതുമാണ് തിരിച്ചടിയായത്. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി 180ഓളം പൊലീസുകാർക്ക് രോഗബാധയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്നാട്ടിൽ നിന്ന് പാസില്ലാതെയും നിയന്ത്രണം ലംഘിച്ചുമാണ് ആളുകൾ കേരളത്തിലേക്കെത്തുന്നത്. ഗോവിന്ദാപുരം, ചെമ്മണാമ്പതി അതിർത്തികളിൽ പാസില്ലാതെ എത്തുന്നവരെ ഉദ്യോഗസ്ഥർ തിരിച്ചയക്കുമ്പോൾ ഇവർ ഊടുവഴികളിലൂടെ കടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. അതിർത്തിയിലെ പരിശോധന കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥർ തിരിച്ചയക്കുന്ന യാത്രക്കാർ അബ്രാംപാളയത്തിലെത്തി അവിടെ നിന്ന് ഊടുവഴികൾ അറിയുന്ന ഏജന്റുമാർക്ക് പണം നൽകി അതിർത്തി കടക്കുകയാണ്.
ഊടുവഴികൾ പൂർണമായി അടച്ചിട്ടുണ്ടെന്നാണ് ഇപ്പോഴും പൊലീസ് പറയുന്നത്. എന്നാൽ നിളിപാറ, കിഴവൻ പുതൂർ പ്രധാന അതിർത്തിയിൽ ഒരാൾ പോലും പരിശോധനക്കില്ലെന്നതാണ് വാസ്തവം. കൊവിഡ് ഒന്നാംഘട്ടത്തിലെ ലോക്ഡൗൺ സമയത്ത് അടച്ചിട്ട ഊടുവഴികളിൽ 80 ശതമാനവും തുറന്ന നിലയിലാണ്. പഴുതടച്ച പരിശോധന ശക്തമാക്കിയില്ലെങ്കിൽ അതിർത്തി ഗ്രാമങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.