പാലക്കാട്: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. രോഗവ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി, കൊവിഡ് നിയന്ത്രണം നടപ്പിലാക്കൽ എന്നിവ സംബന്ധിച്ച് ഡി.എം.ഒ ഡോ.കെ.പി.റീത്ത, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവരുമായി ചർച്ച ചെയ്തു.
അട്ടപ്പാടി മേഖല കേന്ദ്രീകരിച്ച് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നവരുടെ വിവരം അതത് ദിവസം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറണെന്ന് നിർദേശം നൽകി. കൊവിഡ് ടെസ്റ്റ് നടത്തിയവർ സമ്പർക്കത്തിൽ ഏർപ്പെടുകയും രോഗവ്യാപനത്തിന് ഇടയാക്കുകയും ചെയ്യുന്നത് തടയാൻ പരിശോധനാ ഫലം വരുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകരുതെന്ന് ബോധവത്കരണം നൽകാനും തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, എ.ഡി.എം എൻ.എം.മെഹറലി എന്നിവരും പങ്കെടുത്തു.
മറ്റ് നിർദേശങ്ങൾ
1. നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കുന്നതിന് അനുമതിയുണ്ടെങ്കിലും ജില്ലയിൽ രോഗവ്യാപന തോത് ഉയർന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇത്തരം കടകൾ പ്രവർത്തിക്കുന്നത് നിരോധിച്ചു.
2. അവശ്യ വസ്തുക്കളായി പ്രഖ്യാപിച്ചിട്ടുള്ള മെഡിക്കൽ സാധനങ്ങൾ സർക്കാർ നിശ്ചയിച്ച വില പ്രകാരമാണ് വില്ക്കുന്നതെന്നും ഇവയുടെ ഗുണനിലവാരം ഉറപ്പാക്കാനും ഡ്രഗ്സ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി.
3. മെഡിക്കൽ ഷോപ്പുകളിൽ നിന്നും നേരിട്ട് മരുന്ന് വാങ്ങുന്ന കൊവിഡ് ലക്ഷണങ്ങളുള്ളവരുടെ വിവരം മെഡിക്കൽ ഷോപ്പ് അധികൃതർ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകുന്നതിനുള്ള നിർദേശം ഫാർമസിസ്റ്റ് അസോസിയേഷന് നൽകും.
4. നിർഭയ ഷെൽട്ടർ ഹോമിലെ മുഴുവൻ ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്താനും പോസിറ്റീവായവരെ അനുയോജ്യമെങ്കിൽ അവിടെ തന്നെ ചികിത്സിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണം.