f

പാലക്കാട്: ലോക്ക് ഡൗണും കടലാക്രമണ ഭീതിയും മൂലം കടൽ മത്സ്യങ്ങളുടെ വരവ് കുറഞ്ഞപ്പോൾ നാടൻ മീൻ വിപണി സജീവം. പുഴകൾ, കുളങ്ങൾ, ഡാമുകൾ എന്നിവയിൽ നിന്ന് പിടിച്ച മീനുകൾക്ക് ആവശ്യക്കാരേറെയാണ്. മലമ്പുഴ ഡാമിലടക്കം രാവിലെ ആറുമുതൽ ആളുകൾ ടോക്കണെടുത്താണ് മീനിനായി കാത്തുനിൽക്കുന്നത്. കട്!*!ല, രോഹു, സൈപ്രസ്, മ്രിഗാൽ എന്നീ നാടൻ മീനുകളാണ് ജില്ലയിൽ വില്പന നടത്തുന്നത്.

ആവശ്യക്കാർ കൂടിയതോടെ 150 രൂപയ്ക്ക് മുകളിലാണ് നാടൻ മീനുകളുടെ വില. പലയിടത്തും പിടിക്കുന്ന സ്ഥലത്ത് തന്നെയാണ് വില്പനയും. വീടുകളിലേക്കും മീനുകളെത്തിച്ച് നൽകുന്നുണ്ട്. മലമ്പുഴ ഡാമിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയാണ് മീൻ വില്പനയ്ക്ക് അനുമതി. മീൻ മാർക്കറ്റുകൾക്ക് ഉച്ചവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ചെറുതും വലുതുമായ നിരവധി കുളങ്ങളിലാണ് ജില്ലയിൽ കഴിഞ്ഞ വർഷം മീൻ കൃഷി ചെയ്തത്. നിലവിൽ കുളങ്ങളിൽ നിന്നെല്ലാം മീനുകളുടെ വിളവെടുപ്പ് നടക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പലരും വീടുകളിൽ കുളം നിർമ്മിച്ച് മീൻ വളർത്തിയിരുന്നു. ഇതെല്ലാം വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്.

കടൽ മീനുകളിൽ മത്തി, അയല, സിലോപ്പി വരവാണ് വൻ തോതിൽ കുറഞ്ഞത്. ഇതോടെ വിലയും കൂടി. നത്തൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ചെമ്മീൻ കിലോയ്ക്ക് 300 രൂപയിലധികമാണ്. പലയിടത്തും 350 രൂപ വരെ ഈടാക്കുന്നത്. കോഴിക്കോട്, കൊച്ചി, മുനമ്പം, പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് മത്സ്യം എത്തുന്നത്.

നാടൻ മീനിന് ആവശ്യക്കാരേറെയാണ്. മലമ്പുഴ ഡാമിൽ ടോക്കൺ പ്രകാരമാണ് വില്പന. ഒമ്പത് മണിക്ക് മുമ്പ് തന്നെ മീൻ തീരും. ആദ്യമെത്തുന്നവർക്ക് ആദ്യം ടോക്കൺ നൽകിയാണ് വില്പന നടത്തുന്നത്.

-എം.അബ്ദുൾ നാസർ, മത്സ്യ തൊഴിലാളി യൂണിയൻ സെക്രട്ടറി.

നാടൻ മീൻ വില

കട്‌ല 150-200

രോഹു 150-180

സൈപ്രസ് 150-200

മ്രിഗാൽ 150-200


കടൽ മീൻ വില

മത്തി 140-160

അയല 160-170

സിലോപ്പി 90-120

ചെമ്മീൻ 300-350