cow

ക്ഷീര കർഷകർ പ്രതിസന്ധിയിൽ


പാലക്കാട്: ലോക്ക് ഡൗണിൽ പാലിന്റെയും അനുബന്ധ ഉല്പന്നങ്ങളുടെയും വില്പന ഇടിഞ്ഞു. പാൽ സംഭരണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇന്നുമുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകിട്ടത്തെ പാൽ സംഭരിക്കില്ലെന്ന് മിൽമ മലബാർ മേഖല യൂണിയൻ അറിയിച്ചു. ഇതോടെ ജില്ലയിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി.

മലബാർ മേഖല യൂണിയന് കീഴിൽ 90,000 ക്ഷീരകർഷകരുണ്ട്. കൂടുതൽ പേർ പാലക്കാട് ജില്ലയിലാണ് 20,000. മേഖല യൂണിയന്റെ ശരാശരി പ്രതിദിന പാൽ സംഭരണം എട്ടുലക്ഷം ലിറ്ററാണ്. വിപണനം നാലുലക്ഷം ലിറ്റർ മാത്രമാണ്. ഏപ്രിൽ 20ന് ശേഷം മിക്കയിടങ്ങളിലും വ്യാപകമായി മഴ ലഭിക്കുകയും ചെയ്തതോടെ പാലുല്പാദനം വലിയ അളവിൽ കൂടി.

മിച്ചം വരുന്ന പാൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്ക് കൊടുക്കുന്നതിന് പുറമേ തമിഴ്നാട്ടിലേക്കയച്ച് പാൽപ്പൊടിയും നെയ്യുമാക്കി മാറ്റിയാണ് സൂക്ഷിക്കുന്നത്. ലോക്ക് ഡൗണോടെ തിരുവനന്തപുരത്തും എറണാകുളത്തും സംഭരണം വർദ്ധിച്ചതിനാൽ നിലവിൽ അവിടേയ്ക്ക് അയക്കുന്നില്ല. കൂടാതെ തമിഴ്നാടും ലോക്ക് ഡൗൺ ആയതിനാൽ പ്രതിസന്ധിയായി.


വിപണനം ഗണ്യമായി കുറയുകയും സംഭരണം വർദ്ധിച്ചതുമാണ് പ്രതിസന്ധിയ്ക്കിടയാക്കിയത്. അധിക പാൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ഫാക്ടറികളിലെത്തിച്ചാണ് പാൽപ്പൊടി, നെയ്യ് എന്നിവയാക്കുന്നത്. ലോക്ക് ഡൗണിന് പുറമേ ഈ ഫാക്ടറികളിൽ മറ്റ് യൂണിയനുകളിൽ നിന്നും അധിക പാൽ എത്തുന്നതും പ്രതിസന്ധിയാണ്.

എസ്.നിരീഷ്, മിൽമ പാലക്കാട് ഡെയറി മാനേജർ.

നടപടി ജില്ലയിലെ ക്ഷീരകർഷകർക്ക് വലിയ തിരിച്ചടിയാകും. ചിറ്റൂർ മേഖലയിൽ നൂറിൽ 60 പേരും ക്ഷീരകർഷകരാണ്. 150 ലിറ്റർ വരെ പാലളക്കുന്നവർ ഇവിടെയുണ്ട്. കണ്ടെയ്‌മെന്റ് സോണുകളിൽ നിന്നുപോലും സംഘം വാഹനം അയച്ച് പാൽ സംഭരിച്ചിരുന്നു. ഇന്നുമുതൽ വൈകിട്ടത്തെ പാൽ മുഴുവൻ ഒഴുക്കി കളയുകയല്ലാതെ നിവൃത്തിയില്ല.

ദേവദാസ്, ക്ഷീരസംഘം സെക്രട്ടറി, മേനോൻപാറ.


രാവിലെ ആറും വൈകിട്ട് നാലുമായി ദിവസേന പത്തുലിറ്റർ പാലാണ് അളക്കുന്നത്. ഈ തുകയാണ് ഏക വരുമാന മാർഗം. ഇന്നുമുതൽ വൈകിട്ടത്തെ പാൽ എന്തു ചെയ്യണമെന്നറിയില്ല.

രാജാമണി, ക്ഷീരകർഷകൻ, കുനിശേരി.