പാലക്കാട്: ലോക്ക് ഡൗണിൽ തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാത്തതും നാളികേര വിപണനം കുറഞ്ഞതും ജില്ലയിലെ കേരകർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ രോഗവ്യാപനം കൂടിയതും കണ്ടെയ്ൻമെന്റ് സോണുകളിലെ കടുത്ത നിയന്ത്രണവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഭൂരിഭാഗം പഞ്ചായത്തുകളും അതിതീവ്ര വ്യാപനം കാരണം അടച്ചിട്ടതിനാൽ തെങ്ങുകയറ്റ തൊഴിലാളികളും പച്ച തേങ്ങ മൊത്തമായി വാങ്ങുന്ന കച്ചവടക്കാരും കർഷകരെ തേടിയെത്താതെയായി. കർഷകരിൽ പലരും മൂന്നു മാസങ്ങൾക്ക് മുമ്പ് വിളവെടുത്ത നാളികേരങ്ങൾ മാർക്കറ്റിലെത്തിക്കാനാകാതെ തോപ്പുകളിലും വീടുകളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകത്തിലും ലോക്ക് ഡൗൺ പുരോഗമിക്കുന്നതിനാൽ നാളികേര കയറ്റിമതിയിലും ഇടിവ് പ്രകടമാണ്. വിപണനം കുറഞ്ഞതോടെ കെട്ടിക്കിടക്കുന്ന തേങ്ങകൾക്ക് മഴയും വെയിലുമേറ്റ് തൂക്കകുറവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് ഇടത്തരം - ചെറുകിട കർഷകർ.
രണ്ടാം ലോക് ഡൗണിന് മുമ്പ് പച്ചതേങ്ങ ഒന്നിന് 16 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് ആറു രൂപ കുറഞ്ഞ് 10 - 12 രൂപയ്ക്കാണ് വില്ക്കുന്നത്. പൊതിച്ച തേങ്ങ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്നത് നിലവിൽ 25 - 28 രൂപയായി കുറഞ്ഞു. വിപണി ഇല്ലാതായതോടെ ലഭിക്കുന്ന വിലയ്ക്ക് നാളികേരം വിറ്റഴിച്ച് നഷ്ടം കുറയ്ക്കുകയേ വഴിയുള്ളു എന്ന് കർഷകർ പറയുന്നു.
വാർഡ് കണ്ടെയ്ൻമെന്റ് സോണായതിനാൽ തൊഴിലാളികൾക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്. 200 തെങ്ങുകളുണ്ട്, മൂപ്പായ തേങ്ങയെല്ലാം വീണുതുടങ്ങി. ഇവയെല്ലാം രാവിലെ തന്നെ തോട്ടങ്ങളിൽ നിന്ന് പെറുക്കിയെടുക്കണം. ലോക് ഡൗൺ പിൻവലിച്ചാലും രോഗവ്യാപനം കുറഞ്ഞാൽ മാത്രമേ തൊഴിലാളികളെ ലഭിക്കുകയുള്ളൂ.
ശ്രീനിവാസൻ, കേരകർഷകൻ, കുനിശ്ശേരി
പല തോട്ടങ്ങളിലും മാർച്ച്, ഏപ്രിൽ മാസങ്ങളിലിട്ട തേങ്ങ പകുതിയോളം കെട്ടിക്കിടക്കുന്നുണ്ട്. യാത്രാവിലക്ക് ഉള്ളതിനാൽ മാർക്കറ്റിലെത്തിക്കാൻ കഴിയുന്നില്ല. മിനിലോക് ഡൗൺ തുടങ്ങിയപ്പോൾ തന്നെ തമിഴ്നാട്ടിലേക്ക് ലോഡ് പോകുന്നത് കുറഞ്ഞിരുന്നു. സമ്പൂർണ ലോക് ഡൗണായതോടെ പൂർണമായി നിലച്ചു.
പരമൻ, തേങ്ങ ഏജന്റ്, മീനാക്ഷിപുരം