പാലക്കാട്: കൊവിസ് പ്രതിസന്ധിക്കിടയിലും ജില്ലയിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് ഓൺലൈനായി സ്‌കൂൾ പ്രവേശനം ആരംഭിച്ചു. sampoorna.kite.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ അപേക്ഷിക്കാം. ഈ സൗകര്യം ലഭ്യമല്ലാത്തവർക്ക് ഫോൺ വഴി സ്‌കൂളുകളിൽ ബന്ധപ്പെട്ടും പ്രവേശനം നേടാം. പ്രവേശനത്തിനുള്ള ബദൽ സംവിധാനം കൊവിഡ് മാനദണ്ഡം പാലിച്ച് നടപ്പാക്കാൻ പ്രധാനാദ്ധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ട്. ലോക്ക്ഡൗണിന് ശേഷം രക്ഷിതാക്കൾക്ക് സ്‌കൂളിൽ നേരിട്ടെത്തി അപേക്ഷിക്കാം.
202021 വർഷം സർക്കാർ സ്‌കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് 7970 പേരും എയ്ഡഡ് സ്‌കൂളുകളിൽ 17,313 പേരുമാണ് പ്രവേശനം നേടിയത്. അൺ എയ്ഡഡ് സ്‌കൂളുകളിൽ ചേർന്നത് 6031 പേർ. 201920 വർഷത്തിൽ 8137 പേരും 201819 വർഷം 8141 പേരുമാണ് സർക്കാർ സ്‌കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്നത്. എയ്ഡഡ് സ്‌കൂളുകളിൽ 201920ൽ 17,058 പേരും 201819ൽ 17,217 പേരും പ്രവേശനം നേടി.
കൂടുതൽ വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ വർഷം പത്താം ക്ലാസിൽ പൊതുവിദ്യാലയങ്ങളിൽ 36,568 പേരാണ് പഠിച്ചത്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ സ്‌കൂളുകളിലെത്തി. ലോക്ക്ഡൗൺ അവസാനിക്കുന്ന മുറയ്ക്ക് വിതരണമുണ്ടാകും.
പൊതുവിദ്യാലയത്തിൽ ചേരാൻ ടി.സി വേണ്ട
സ്വകാര്യ സ്‌കൂളുകളിൽ നിന്ന് പൊതുവിദ്യാലയത്തിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാൻ ടി.സി നിർബന്ധമല്ല. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നീ രേഖകളുണ്ടെങ്കിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് പ്രവേശനം നേടാം.
നിശ്ചിത ക്ലാസിലേക്ക് പ്രവേശനത്തിനുള്ള പ്രായമുണ്ടോയെന്നത് മാത്രമാണ് പരിഗണിക്കുക. ടി.സിയുടെ പേരിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിക്കരുതെന്ന് നിർദേശമുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിൽ സർക്കാർ നിശ്ചയിക്കുന്ന പ്രവേശന പരീക്ഷയെഴുതി പാസാകുന്നവർക്ക് മാത്രമാണ് പ്രവേശനം.