tree

പാലക്കാട്: ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ നടുന്നത് 4,04,500 വൃക്ഷതൈകൾ. വനംവകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗമാണ് തൈകൾ തയ്യാറാക്കിയത്. വിവിധ നഴ്സറികളിലൂടെ ഉല്പാദിപ്പിച്ച തൈകളുടെ വിതരണം ആരംഭിച്ചു.

സ്‌കൂളുകളിലൂടെയാണ് സാധാരണ വൃക്ഷതൈകൾ വിതരണം ചെയ്യാറുള്ളത്. കൊവിഡ് മൂലം സ്കൂളുകൾ തുറക്കാത്തതിനാൽ കഴിഞ്ഞ വർഷം മുതൽ തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് തൈ വിതരണം. ഇതിന്റെ ഭാഗമായി തൈകൾ എത്തിച്ചുതുടങ്ങി. എൻ.ജി.ഒകൾ, രാഷ്ട്രീയ-സാമൂഹിക സംഘടനകൾ, ക്ലബുകൾ എന്നിവർക്കും തൈകൾ നൽകും. തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും ആവശ്യപ്പെടുന്ന തൈകൾ എത്തിച്ച് നൽകും. ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണമുണ്ടെങ്കിലും തൈകൾ കൊണ്ടുപോകുന്നതിന് അനുമതിയുണ്ട്.

തദ്ദേശ സ്ഥാപനങ്ങളും ക്ലബുകളും ആൾക്കൂട്ടമൊഴിവാക്കി തൈകൾ വിതരണം ചെയ്യും. തൈകൾ വീടുകളിളെത്തിച്ച് നൽകാനും പദ്ധതിയുണ്ട്. പരിസ്ഥിതി ദിനത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ചേ തൈകൾ നടാവൂ. ജില്ലാതല ഉദ്ഘാടനം പത്തിരിപ്പാല ഗവ.ഹൈസ്‌കൂളിൽ നടക്കും. ഇതിന് മുന്നോടിയായി തൈ വിതരണം പൂർത്തിയാകും.


ലക്ഷകണക്കിന് തൈകൾ


മുട്ടിക്കുളങ്ങര വള്ളിക്കോടാണ് ജില്ലയിലെ വനംവകുപ്പിന്റെ സ്ഥിരം നേഴ്സറി. ലക്ഷക്കണക്കിന് തൈകളാണ് എല്ലാ വർഷവും ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഇതിന് പുറമെ കുഴൽമന്ദം, പെരുങ്ങോട്ടുകുറുശി, നെന്മാറ, ആലത്തൂർ, കൊല്ലങ്കോട്, ചിറ്റൂർ, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, തൃത്താല, വാടാനാംകുറുശി, മണ്ണാർക്കാട് എന്നിവിടങ്ങളിലായി 11 നഴ്സറികളുണ്ട്. പുറത്ത് നിന്ന് തൈകൾ എത്തിക്കാറില്ല. ഓരോ പരിസ്ഥിതി ദിനത്തിനും ആവശ്യമായ തൈകൾ നഴ്സറികളിലൂടെ ഉല്പാദിപ്പിക്കും. ഇതിനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഏത് സമയത്തും നഴ്സറിയിൽ നിന്ന് തൈകൾ വാങ്ങാം.

വൃക്ഷവൈവിദ്ധ്യം
മാവ്, ഞാവൽ, പുളി, പ്ലാവ്, അമ്പഴം, മാതളം, സപ്പോട്ട, റംബൂട്ടാൻ, കണിക്കൊന്ന, മന്ദാരം, മുരിങ്ങ, മഞ്ചാടി, മണിമരുത്, കുന്നിവാക, തേക്ക്, ഈട്ടി, കുമ്പിൾ, പൂവരശ്, മുള, ദന്തപാല, അഗത്തിചീര തുടങ്ങിയ നാല്പതോളം ഇനം വൃക്ഷതൈകളാണ് തയ്യാറാക്കുന്നത്.

-ജി.ഹരികൃഷ്ണൻ നായർ, ഡെപ്യൂട്ടി കൺസർവേറ്റർ, സാമൂഹ്യവനവത്കരണ വിഭാഗം, പാലക്കാട്.