c

പാലക്കാട്: കൊവിഡ് രണ്ടാംതരംഗം മൂലം ചിരിച്ചും കളിച്ചുമുള്ള സ്‌കൂളിലെ സുന്ദരമായ നിമിഷങ്ങള്‍ ഈ വർഷവും വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാകുന്നു. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ ഡിജിറ്റൽ പഠനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഒന്നിന് തുടങ്ങും. കഴിഞ്ഞ അദ്ധ്യയന വർഷത്തെ പാഠങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രിഡ്ജ് കോഴ്സാകും ആദ്യ രണ്ടാഴ്ച.

2020–21 വർഷത്തിൽ ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ ഒന്നാം ക്ലാസിലേക്ക്‌ 7970 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. തുടക്കത്തില്‍ ഓണ്‍ലൈന്‍ മുഖേന 90 ശതമാനം കുട്ടികള്‍ ഹാജരായിരുന്നു. ക്രമേണ 70 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒന്നുമുതല്‍ പത്തുവരെ 3,13,024 വിദ്യാര്‍ത്ഥികളാണ് ജില്ലയിൽ ഓണ്‍ലൈന്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇത്തവണയും ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ വഴി നടക്കുകയാണ്.

ജൂണ്‍ ഒന്നിന് പ്രവേശനോത്സവം ഉള്‍പ്പെടെ ഓണ്‍ലൈന്‍ വഴിയാക്കി പഠനം സജീവമാക്കാനാണ് തീരുമാനം. വിക്‌ടേഴ്‌സ് ചാനലിന് പുറമെ അതത് സ്‌കൂള്‍ അദ്ധ്യാപകരും ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനുള്ള ഒരുക്കം സമഗ്രശിക്ഷ കേരളം പൂര്‍ത്തിയാക്കി വരികയാണ്. ഓണ്‍ലൈന്‍ ക്ലാസിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമുണ്ടോയെന്ന പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ലഭ്യമല്ലാത്തവര്‍, അംഗൻവാടി- കമ്യൂണിറ്റി സെന്റര്‍ തുടങ്ങിയ പൊതുകേന്ദ്രങ്ങളില്‍ എത്താനാകാത്തവര്‍, മറ്റ് അടിസ്ഥാന സൗകര്യമില്ലാത്തവര്‍ എന്നിവരുടെ വിവരം അദ്ധ്യാപകര്‍ വഴി ബി.ആര്‍.സി ശേഖരിക്കുകയാണ്.

ഒന്നാം ക്ലാസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ നിന്നും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ സിലബസുകളില്‍ നിന്ന് മാറി വരുന്നവര്‍ തുടങ്ങിയവരുടെ വിവരവും ശേഖരിക്കും. കണക്കെടുപ്പ് ഉടൻ പൂര്‍ത്തിയാക്കി എല്ലാ സൗകര്യവും ഒരുക്കിയ ശേഷം ജൂണിൽ തന്നെ അദ്ധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും.

ഓൺലൈൻ ക്ളാസിന് സമ്മിശ്ര പ്രതികരണം

പുതിയൊരു അദ്ധ്യയന വര്‍ഷം കൂടി വരുമ്പോഴും കൂട്ടുകാരെയും അദ്ധ്യാപകരെയും നേരിട്ട് കാണാതെയാണ് കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്ക് പിച്ചവയ്ക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ സാധാരണ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള പഠനം കാര്യമായി ലഭിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികളുടെ പഠന നിലവാര തകര്‍ച്ചയ്ക്കും ഇത് കാരണമാക്കുന്നുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കുറയുന്നതുവരെ ഓണ്‍ലൈന്‍ പഠനം കുട്ടികള്‍ക്ക് സഹായമാകുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ ജില്ലയിലെ 332394 വിദ്യാർത്ഥികളിൽ 11167 പേർക്ക് പഠനസൗകര്യം ലഭ്യമായിരുന്നില്ല. ഇതേ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് പഠന സൗകര്യമൊരുക്കിയത്.