road
കുതിരാനിൽ റോഡ് വീതി കൂട്ടുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു

വടക്കഞ്ചേരി: കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് കുതിരാൻ തുരങ്കം തുറക്കാനുള്ള സാദ്ധ്യത മങ്ങി. ഇതോടെ നിലവിലുള്ള റോഡ് വീതി കൂട്ടുന്ന പ്രവൃത്തിക്ക് തുടക്കമായി. പവർ ഗ്രിഡിന്റെ ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിച്ച ഭാഗത്താണ് വീതി കൂട്ടി മെറ്റൽ നിരത്തുന്ന പണി പുരോഗമിക്കുന്നത്. വലിയ വാഹനങ്ങൾ കേടായി നിത്യേന ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഈ മേഖലയിൽ റോഡ് വീതി കൂട്ടിയാൽ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

കണിച്ചിപ്പരുതയിൽ പുതിയ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിനാൽ ഓക്‌സിജൻ സിലിണ്ടറുകളുടെ നീക്കം സുഗമമാകാനും ഇതുപകരിക്കും. കൊവിഡ് വ്യാപനം തുടരുന്നതിനാൽ ഗൗരവമേറിയ ഇത്തരം വിഷയങ്ങൾക്ക് മുൻഗണന നൽകിയാണ് തുരങ്കപ്പാത തുറക്കാൻ കാത്ത് നിൽക്കാതെയുള്ള പ്രവൃത്തി നടത്തുന്നത്.

കുതിരാനിലെ നിലവിലുള്ള പാത വർഷങ്ങൾക്ക് മുമ്പേ വീതികൂട്ടി ഗതാഗത സൗകര്യമൊരുക്കിയിരുന്നെങ്കിൽ മണിക്കൂറുകൾ നീളുന്ന കുരുക്ക് ഒഴിവാക്കാമായിരുന്നു. തുരങ്കപ്പാത ഉടൻ തുറക്കുമെന്നാണ് ഇപ്പോഴും കമ്പനി അധികൃതർ പറയുന്നത്. പക്ഷേ, തുരങ്കപ്പാതയിൽ സുരക്ഷാ സംവിധാനമുൾപ്പെടെ ഒരുക്കാൻ ഇനിയും സമയമെടുക്കും. തുരങ്കമുഖത്ത് ഈ മഴക്കാലത്തും മണ്ണിടിച്ചിൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഇത് സൂത്രപ്പണികൾ കൊണ്ടൊന്നും തടയാനാകില്ല. നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ സമയമെടുക്കും.

വടക്കഞ്ചേരി മേൽപ്പാലം തുറന്ന് നാലുമാസത്തിനിടെ നിരവധി തവണ അടച്ചിടേണ്ടി വന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാത അടച്ചിരിക്കുകയാണ്. ബീമുകൾ കൂടിച്ചേരുന്നിടത്ത് വലിയ വിടവ് രൂപപ്പെടുന്നതാണ് പാലം അടച്ചിടാൻ കാരണം. നിർമ്മാണ അപാകത പാലങ്ങളിലും റോഡിലെല്ലാമുണ്ട്. മഴയ്ക്കുമുമ്പ് ദേശീയ പാതയിൽ വലിയ കുഴികളും രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. യഥാസമയം ഈ കുഴികൾ അടക്കാൻ നടപടി വേണമെന്ന് കുതിരാൻ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.