പെരുങ്ങോട്ടുകുറിശി: പഞ്ചായത്തിൽ കാലവർഷത്തിന് മുന്നോടിയായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ എന്നിവയുടെ കീഴിൽ രൂപീകരിച്ച സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുയിടങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ അണുനശീകരണം ഊർജിതമാക്കി.
നേരത്തെ വാർഡുതല ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിന്റെ തുടർച്ചയായാണ് സന്നദ്ധ പ്രവർത്തകർ സേവനം നടത്തുന്നത്. പൊതുയിടങ്ങൾ, കൊവിഡ് ഭേദമായവരുടെ വീടുകൾ തുടങ്ങിയ സ്ഥലത്താണ് നിലവിൽ അണുനശീകരണം പുരോഗമിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, എ.ടി.എം, പെട്രോൾ പമ്പ്, ആരാധനാലയങ്ങങൾ, സ്‌കൂളുകൾ, റേഷൻ കട, മാവേലി-നീതി സ്റ്റോർ, ആരോഗ്യകേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ ഉൾപ്പെടെ അണുവിമുക്തമാക്കുന്നുണ്ട്.
രണ്ടാംതരംഗം തുടക്കം മുതൽ ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചായത്താണ് പെരുങ്ങോട്ടുകുറിശി. ജില്ലാതിർത്തിയായ പഞ്ചായത്തിൽ കർശന നിയന്ത്രണം തുടരുകയാണ്. അതിർത്തി പ്രദേശമായ നടുവത്തപ്പാറയിലും തോട്ടുമുക്കിലും ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പരിശോധന നടക്കുന്നുണ്ട്. ഒരുമാസം പിന്നിട്ടിട്ടും കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സന്ദർശിച്ച് തുടർ നടപടി കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പെരുങ്ങോട്ടുകുറിശി: പരുത്തിപ്പുള്ളി തൃത്താമര ശ്രീകൃഷ്ണാശ്രമം അഗതി മന്ദിരം അന്തേവാസികൾക്ക് സഹായ ഹസ്തവുമായി
മന്ദത്ത് ഭഗവതി ക്ഷേത്രം ഗീതാക്ലാസ് ഗ്രൂപ്പ്. ഇവിടേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഗ്രൂപ്പ് രക്ഷാധികാരി പുത്തൻ വീട്ടിൽ ദേവദാസാണ് കിറ്റുകൾ കൈമാറിയത്.