മംഗലംഡാം: മെയിൻ റോഡരികിൽ ചാഞ്ഞും ദ്രവിച്ചും നിൽക്കുന്ന മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മംഗലംഡാം സെന്റ് ജോസഫ് ആശുപത്രിക്ക് മുമ്പിലുള്ള വെയിറ്റിംഗ് ഷെഡിനോട് ചേർന്ന് നിൽക്കുന്ന ആര്യവേപ്പ് മെയിൻ റോഡിലേക്കും വൈദ്യുതി ലൈനിലേക്കും ചരിഞ്ഞാണ് നിൽക്കുന്നത്. അടിഭാഗം ബലക്ഷയം സംഭവിച്ചിട്ടുള്ള ഈ മരം നല്ലൊരു കാറ്റ് വീശിയാൽ വൈദ്യുതി ലൈനിന് മുകളിലൂടെ മറിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്.
വണ്ടാഴി സി.കെ കുന്നിന്റെ താഴ് ഭാഗത്തായി ഒരു പന ഉണങ്ങി ദ്രവിച്ച് നിൽക്കുണ്ട്. ചിറ്റടി മുതൽ മംഗലംഡാം വരെ റോഡിന്റെ അരികിലായി അപകടാവസ്ഥയിൽ ചരിഞ്ഞും ഉണങ്ങി ദ്രവിച്ചും നിൽക്കുന്ന മരങ്ങളുമുണ്ട്. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പായി ഇത്തരം മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.