മംഗലംഡാം: മംഗലംഡാം പറശ്ശേരി മൊക്കിൽ റോഡ് കുറുകെ വെട്ടിപ്പൊളിച്ച ഭാഗം ദിവസങ്ങൾ കഴിഞ്ഞിട്ടും മൂടാതെ ഇട്ടിരിക്കുന്നത് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മംഗലം ഡാം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ റോഡ് കുറുകെ കീറി പൈപ്പിട്ടിരുന്നു.
ചാല് കീറുന്നതിനിടെ ടെലഫോൺ കേബിൾ മുറിഞ്ഞതായി ബി.എസ്.എൻ.എൽ കണ്ടെത്തിയതിനെ തുടർന്ന് ഈ ഭാഗം വീണ്ടും കുഴിച്ചു. കേബിൾ നന്നാക്കിയെങ്കിലും കുഴി മൂടിയില്ല. ചാല് കീറിയവരാണ് കുഴി മൂടേണ്ടതെന്ന് ബി.എസ്.എൻ.എൽ പറയുന്നു. കേബിൾ നന്നാക്കിയവർ കുഴിമൂടമെന്ന് മറുപക്ഷവും വാദിക്കുന്നു. കേബിൾ തകരാറായതിന് ബി.എസ്.എൻ.എൽ തന്റെ കൈയിൽ നിന്ന് പിഴ ഈടാക്കിയെന്നാണ് കരാറുകാരൻ പറയുന്നത്. ഇവരുടെ തർക്കത്തിൽ കുടുങ്ങിയത് നാട്ടുകാരും. പല ഭാഗങ്ങളിലേക്കുമായി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴി മൂടി സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.