കോന്നി : താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു.
കുടിവെള്ള പ്രശ്നത്തിനേക്കൾ കൂടുതൽ നാട്ടുകാരെ ദുരിതത്തിലാക്കുകയാണ് വൈദ്യുതി മുടക്കം. മണിക്കൂറുകൾ വൈകിയാണ് പല ദിവസങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത്. ഫോൺ വിളിച്ചാൽ വൈദ്യുതി വകുപ്പ് ഓഫീസുകളിൽ പലപ്പോഴും ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. പകലും രാത്രിയിലും വൈദ്യുതി മുടക്കം പതിവായതിനാൽ വ്യാപാര വ്യവസായ മേഖലയും കടുത്ത നഷ്ടത്തിലാണ്. വന്യജീവികളുടെ ആക്രമണമുള്ള പ്രദേശമായതിനാൽ അന്തിമയങ്ങളിൽ പുറത്തിറങ്ങാൻ പോലും ജനങ്ങൾ ഭയക്കുന്ന ഇവിടെ വൈദ്യുതി ബന്ധം കൂടി ഇല്ലാതാകുന്നതോടെ ദുരിതം ഇരട്ടിയാകും. താലൂക്കിലെ കോന്നി, പ്രമാടം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വള്ളിക്കോട്, ഏനാദിമംഗലം, കൂടൽ , കലഞ്ഞൂർ പഞ്ചായത്തുകളിൽ വൈദ്യുതി മുടക്കം പതിവാണ് .. വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായി കോന്നി താലൂക്കിൽ വൈദ്യുതി ഇല്ലാതായതോടെ രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ ജനത്തിന് ഭയമാണ്. രാത്രിയിൽ പോകുന്ന വൈദ്യുതി പല ദിവസങ്ങളിലും രാവിലെയാണ് പുന:സ്ഥാപിക്കുന്നത്. ആന, പുലി, കടുവ, പന്നി, വിഷപ്പാമ്പുകൾ എന്നിവയുടെ സാന്നിദ്ധ്യം കൂടുതലാണ് ഇവിടെ. രാത്രികാലങ്ങളിൽ പന്നിയുടെ ശല്യം കൂടുതലാണ്. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലയ്ക്കുന്നത് സാമൂഹ്യവിരുദ്ധ ശല്യം കൂടുന്നതിനും കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വ്യാപാര മേഖലയ്ക്ക് നഷ്ടം..
പ്രദേശത്തെ വ്യാപാര, വ്യവസായ മേഖലയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ആശുപത്രികൾ, ധാന്യം പൊടിക്കുന്ന മില്ലുകൾ, നീതി സ്റ്റോറുകൾ, ത്രിവേണി, സപ്ളൈകോ സൂപ്പർ മാർക്കറ്റുകൾ, സ്വകാര്യ സൂപ്പർമാർക്കറ്റുകൾ, ഫോട്ടോസ്റ്റാറ്റ് കടകൾ, മൊബൈൽ ഷോപ്പുകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം താറുമാറാകും. വൈദ്യുതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മരങ്ങൾ കടപുഴകി വീണും ചില്ലകൾ തട്ടിയുമാണ് പ്രധാനമായും വൈദ്യുതി മടങ്ങുന്നത്. മലയോര മേഖലയായതിനാൽ തകരാർ സംഭവിച്ച സ്ഥലങ്ങളിൽ എത്താൻ വൈകും.കൊവിഡ് നിയന്ത്രമുള്ളതിനാൽ ജീവനക്കാരുടെ
കുറവും പ്രതിസന്ധികൾക്ക് കാരണമാണ്.
(കെ.എസ്.ഇ.ബി അധികൃതർ)
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴക്കി പോസ്റ്റുകൾക്കും ലൈൻ കമ്പികൾക്കും മുകളിൽ വീഴുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അടിയന്തരമായി പ്രശ്നങ്ങൾ പരിഹാരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കെ.യു. ജനീഷ് കുമാർ (മുൻ എം.എൽ.എ )