ചെങ്ങന്നൂർ : ജില്ലാ ആശുപത്രിയിൽ പുതിയ വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കണമെന്നും എൻജിനിയറിംഗ് കോളേജിലെ വാക്‌സിനേഷൻ കേന്ദ്രം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. മുൻ നഗരസഭാ ചെയർമാനും കൗൺസിലറുമായ കെ.ഷിബുരാജനാണ് പരാതി നൽകിയത്. ജില്ലാ ആശുപത്രിയിൽ നിലവിലുള്ള വാക്‌സിനേഷൻ കേന്ദ്രത്തിന് പുറമെ പുതിയതായി ഒരു കേന്ദ്രം കൂടി അനുവദിക്കണെന്നും എൻജിനിയറിംഗ് കോളേജിൽ നേരത്തെ നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിലുള്ള വാക്‌സിനേഷൻ കേന്ദ്രം പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ വാക്‌സിൻ, ആംബുലൻസ്, ആരോഗ്യ പ്രവർത്തകർ എന്നിവരെ അടിയന്തരമായി നിയമിക്കാനുള്ള നടപടിയും സ്വീകരിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പ്രായാധിക്യമുള്ളവർ, രോഗികൾ, വികലാംഗർ എന്നിവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം. സ്വകാര്യ സംഘടനകളോ പ്രസ്ഥാനങ്ങളോ ഓൺലൈൻ രജിസ്‌ട്രേഷന് പ്രത്യേകം കൗണ്ടറുകൾ ആരംഭിച്ചാൽ തിരക്ക് കാരണം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ കൗണ്ടറുകൾ ആരംഭിക്കാനും നടപടി സ്വീകരിക്കണമെന്ന് കെ.ഷിബുരാജൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.