ആറന്മുള: ആറന്മുള പഞ്ചായത്ത് പ്രദേശങ്ങളിൽ കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായതിനാൽ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. പരിശോധന സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആവശ്യം. ഇപ്പോൾ തന്നെ 250ൽപരം കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് നടത്തുകയും ശക്തമായ രോഗപ്രതിരോധ പ്രവത്തനവുമാണ് ഇവിടെ ഉണ്ടാകേണ്ടത്. വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും യാത്രാസൗകര്യം കുറവായ പ്രദേശമായതിനാൽ പലരും പരിശോധന നടത്തുവാൻ എത്തുന്നില്ല. ഹെൽത്ത് സെന്റർ കേന്ദ്രീകരിച്ച് ഒരു മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് മുമ്പ് ഉണ്ടായിരുന്നു. ഇത് മൂന്നു മാസം മുമ്പ് ഏനാദിമംഗലത്തേക്ക് മാറ്റി. എന്നാൽ ഇപ്പോൾ വാഹനം കേടാണ് എന്ന മറുപടിയാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിച്ച വിവരം. ഇത് പ്രതിേേഷധാർഹമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസിന്റെ വീഴ്ചയാണിതെന്നും ജനശാക്തീകരണ ഗവേഷണ കേന്ദ്രം പ്രവർത്തയോഗം ആരോപിച്ചു. വല്ലനയ്ക്ക് അനുവദിച്ച മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് അടിയന്തരമായി ഇവിടേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജന.സെക്രട്ടറി എൻ.കെ.ബാലൻ ഡി.എം..ഒയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജിയും ഇതേ ആവശ്യമുന്നയിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി.