അത്തിക്കയം : പമ്പാ നദി മാലിന്യവാഹിനിയാകുന്നു. റാന്നി - അത്തിക്കയം ഭാഗത്താണ് നദി കൂടുതൽ മലിനമാകുന്നത്. ഈ ഭാഗങ്ങളിൽ പമ്പാനദിയിൽ നിറയെ പ്ലാസ്റ്റിക്കും ഇറച്ചി മാലിന്യവും കൊണ്ട് തള്ളുകയാണ് സാമൂഹ്യ വിരുദ്ധർ. ചില സ്ഥലങ്ങളിൽ നദിയിലേക്കുള്ള വഴിയിൽ നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാർച്ച്‌ , ഏപ്രിൽ , മേയ്‌ മാസങ്ങളിൽ പമ്പയുടെ അവസ്ഥ ഒരു ചെളിക്കുണ്ടിലും പരിതാപകരമാണ് . അനധികൃതമായ മണൽവാരൽ മൂലം പമ്പ വറ്റി വരളുകയാണ്. നിരവധിപേർ കൃഷി ആവശ്യത്തിനും വീട്ടാവശ്യങ്ങൾക്കും പമ്പയെ ആണ് ആശ്രയിക്കുന്നത്. 2018 ലെ പ്രളയം മൂലം അടിഞ്ഞു കൂടിയ ചെളി മറ്റൊരു പ്രളയത്തിന് കാരണമാകുമോയെന്ന ഭീതിയിലാണ് പമ്പാ നിവാസികൾ . ഇവ വലിയ മൺകൂനകളായി മാറിയിരിക്കുകയാണിപ്പോൾ. മാലിന്യം കൂടി നിക്ഷേപിക്കുമ്പോൾ നദി കൂടുതൽ മലിനമായിക്കൊണ്ടിരിക്കുകയാണ്. അധികൃതരെ പല തവണ വിവരം ധരിപ്പിച്ചെങ്കിലും കണ്ട മട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം . നദിയുടെ ഇരവശത്തും കാടുപിടിച്ചു കിടക്കുകയാണ്. ജലത്തിന്റെ ഒഴുക്കിനെ ബാധിക്കും വിധമാണ് കാട് പടർന്ന് പിടിച്ചിരിക്കുന്നത്. ഇതും നീക്കം ചെയ്യാൻ അധികൃതർ നടപടിയെടുക്കുന്നില്ല.