പന്തളം: അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി.... എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവും സ്വാതന്ത്ര്യ സമരസേനാനിയും ഹാസ്യ സാഹിത്യാകരനുമായിരുന്ന പന്തളം കെ.പി എന്ന കെ.പി രാമൻപിള്ളയുടെ 113ാം ജന്മവാർഷകത്തിലും അദ്ദേഹത്തിന് സ്മാരകമില്ല. ഇക്കഴിഞ്ഞ 30നായിരുന്നു ജന്മവാർഷകം. 1909ലായിരുന്നു ജനനം. അദ്ദേഹത്തിന്റെ ഒാർമയ്ക്കായി ആകെയുള്ളത് തുമ്പമൺ സാംസ്കാരിക നിലയത്തിന്റെ കവാടത്തിൽ എഴുതിയിരിക്കുന്ന പന്തളം കെ.പി. സ്മാരക കവാടം എന്ന പേര് മാത്രമാണ്.
1920-30 കാലത്ത് തിരുവനന്തപുരത്തായിരുന്ന കെ.പി യും ഇടപ്പള്ളിയും ചങ്ങമ്പുഴയും ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്നു. 1952ൽ എൻ.എസ്.എസിന്റെ ഉത്പ്പന്ന പിരിവ് വേളയിൽ പാടാൻ എഴുതിയതാണ് 'അഖിലാണ്ടമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിൽ ആനന്ദ ദീപം കൊളുത്തി' എന്നു തുടങ്ങുന്ന ഗാനം. പിന്നീട് സ്കൂൾ അസംബ്ളികളിലും മറ്റും ഇത് പ്രാർത്ഥനാ ഗാനമാക്കി. അഖിലാണ്ടമണ്ഡലം, ഏകാന്തകോകിലം, മുരളീധരൻ, രാഗസുധ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കവിതാ സമാഹാരങ്ങൾ. മരതകപീഠം എന്ന നോവലും രാജേന്ദ്രൻ എന്ന ബാലസാഹിത്യ കൃതിയും പന്തളം കെ.പി രചിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ഒന്നര വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് കെ.പി.
1954 ൽ പത്തനംതിട്ട മണ്ഡലത്തിൽ ഐക്യമുന്നണി സ്ഥാനാർത്ഥിയായിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി മക്കപ്പുഴയ്ക്കെതിരെ മത്സരിച്ചു. അന്ന് എൻ.എസ്.എസ് സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ജോലി ഉപേക്ഷിച്ചു. പിന്നീട് ചെന്നീർക്കര സ്‌കൂളിൽ ഹെഡ്മാസ്റ്ററായി വിരമിച്ചു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ കോയമ്പത്തൂരിലും ചെന്നൈയിലും പുത്രിമാരുടെ കൂടെയായിരുന്നു. 1998ൽ കെ. പിയും 1999ൽ ഭാര്യ മിനാക്ഷ്യമ്മയും അന്തരിച്ചു. മൂത്ത മകൾ പന്തളം രാധമണി എന്ന പേരിൽ കവിതകൾ എഴുതുമായിരുന്നു. ഇളയ മകൾചന്ദ്രമണി.