മല്ലപ്പള്ളി : മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയെ തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നതായി ഡിപ്പോ നിർമ്മിച്ചു നൽകിയ താലൂക്ക് വികസന സമിതിയുടെ കൺവീനർ കെ.ജി.സാബു. പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച 70ലക്ഷത്തോളം രൂപ മുതൽമുടക്കിയാണ് മൂന്നര ഏക്കർ സ്ഥലവും കെ.എസ്.ആർ.ടി.സി നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള കെട്ടിടങ്ങളും നിർമ്മിച്ചു കോർപറേഷന് കൈമാറിയത്. 25ഷെഡ്യൂളുകളും 27ബസുകളുമായി ആരംഭിച്ച ഡിപ്പോയെ തകർക്കാൻ തുടക്കത്തിലും ചിലർ ശ്രമിച്ചതായി സാബു ആരോപിച്ചു. മാറി വന്ന ഒരു ജനപ്രതിനിധികളും ഡിപ്പോയുടെ വളർച്ചക്ക് യാതൊരു സംഭാവനകളും നൽകിയിട്ടില്ല.1997ൽ ടി.എസ്.ജോൺ തുടങ്ങിവെച്ച അതേ അവസ്ഥയിലാണ് ഡിപ്പോ ഇന്നും തുടരുന്നത്. ഡിപ്പോയിൽനിന്നും കൊണ്ടുപോയ ബസുകൾ എത്രയും വേഗം തിരികെ എത്തിക്കണമെന്നും സാബു പറഞ്ഞു.