തിരുവല്ല: റോഡ് നിർമ്മാണം അവസാനിക്കാറായിട്ടും കുടിവെള്ള പൈപ്പ് മാറ്റുന്ന പണികൾ അനിശ്ചിതത്വത്തിൽ. തിരുവല്ല ഔട്ടർ റിംഗ് റോഡായി നിലവാരം ഉയർത്തി നിർമ്മിക്കുന്ന കുറ്റൂർ-മനയ്ക്കച്ചിറ-കിഴക്കൻ മുത്തൂർ റോഡിലാണ് അവസാനഘട്ട ടാറിംഗ് കഴിഞ്ഞിട്ടും കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാത്തത്. കുറ്റൂരിൽ നിന്ന് മനയ്ക്കച്ചിറ വരെ നടത്തേണ്ട ടാറിംഗ് ഒരാഴ്ച മുമ്പ് പൂർത്തിയായി. റോഡിലെ ആദ്യഘട്ട ടാറിംഗ് നടന്നത് ആറുമാസം മുമ്പാണ്. ഇതിനിടയിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇത്രയും നാളായിട്ടും വാട്ടർ അതോറിറ്റി പൈപ്പുകൾ മാറ്റിയിട്ടില്ല. നിരത്തിന്റെ ടാറിങ്ങും ഇതിനാൽ നീണ്ടുപോയി. കുറ്റൂരിൽ നിന്ന് മനയ്ക്കച്ചിറ വഴി മുത്തൂരിനുള്ള ലിങ്ക് റോഡ് വികസിപ്പിക്കുന്ന പണികൾ തുടങ്ങിയിട്ട് രണ്ടുവർഷമായി.

40 വർഷം പഴക്കമുള്ള പൈപ്പുലൈൻ

നിരത്താകെ വീതികൂട്ടി മെറ്റലിട്ട് ടാറിംഗ് നടത്തിയിട്ടും പഴയ പൈപ്പുലൈൻ വഴിമദ്ധ്യേ കിടക്കുകയാണ്. 40 വർഷത്തോളം പഴക്കമുള്ള ലൈനാണ്. റോഡരികിലേക്ക് മാറ്റുന്നതിന് വാട്ടർ അതോറിറ്റി 1.95 കോടിയുടെ അടങ്കൽ സമർപ്പിച്ചിട്ട് രണ്ട് വർഷത്തോളമായി. ഇതിന് അനുമതി നൽകി പണം കൈമാറുന്ന നടപടികൾ എങ്ങുമെത്തിയിട്ടില്ല. കുറ്റൂർ ഭാഗത്ത് നാല് എം.എം. ആസ്ബസ്‌റ്റോസ് പൈപ്പും ബാക്കിയിടത്ത് പി.വി.സി.യുമാണ് മാറ്റി സ്ഥാപിക്കേണ്ടത്. കാലപ്പഴമുള്ള പൈപ്പുകൾ പലയിടത്തും പൊട്ടി വെള്ളം പാഴാക്കുന്ന സ്ഥിതിയാണ്. പ്രാദേശികമായി നടത്തേണ്ട ജലവിതരണത്തെയും ഇത് സാരമായി ബാധിക്കുന്നു. റോഡുപണി ഗാരന്റിയോടെയാണ് നിർമ്മിക്കുന്നത്. അഞ്ചുവർഷത്തേക്ക് റോഡ് കുഴിക്കുന്നതിന് തടസമുണ്ടാകും. ഈ പാതയിൽ മുത്തൂരിൽനിന്ന് കിഴക്കൻ മുത്തൂർ വരെ വീതികൂട്ടുന്ന പണികളും നടത്തിവരുന്നു. ഇതിനുവേണ്ടുന്ന വസ്തുക്കൾ സ്വമേധയ ഉടമകൾ വിട്ടുനൽകിയതും നിർമ്മാണം വേഗത്തിലാക്കി.

നിർമ്മാണത്തിൽ ആശങ്ക

കിഫ്ബി മുഖേന 23 കോടിയോളം രൂപ മുടക്കിയാണ് പാതയുടെ പുനരുദ്ധരാണം നടക്കുന്നത്. പുതിയ പൈപ്പുകൾ എപ്പോൾ സ്ഥാപിക്കുമെന്ന കാര്യത്തിൽ തീരുമാനം നീളുന്നത് റോഡ് നിർമ്മാണത്തിലും ഗതാഗതത്തിനും കൂടുതൽ പ്രശ്‍നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

-പണികൾ അനിശ്ചിതത്വത്തിൽ

-ആദ്യഘട്ട ടാറിംഗ് നടന്നത് ആറുമാസം മുമ്പ്

-നിരത്തിന്റെ ടാറിംഗ് നീളുന്നു

-23 കോടിമുടക്കി പാതയുടെ പുനരുദ്ധാരണം