മല്ലപ്പള്ളി: മേയ്ദിനാഘോഷത്തിന്റെ ഭാഗമായി സി.പി.എം. പാർട്ടിയുടെ നേതൃത്വത്തിൽ കുന്നന്താനം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൊവിഡ് രോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ രണ്ട് മുതൽ 7 വരെയുള്ള വാർഡുകളിലെ 52 കുടുംബങ്ങളിൽ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉൾപ്പെടെയുള്ള കിറ്റാണ് എത്തിച്ചത്. മറ്റ് വാർഡുകളിലേക്കുള്ള കിറ്റുകൾ അടുത്ത ദിവസങ്ങളിൽ എത്തിക്കും. കുന്നന്താനം പഞ്ചായത്തിൽ 100 വീടുകളിലായി 306 കോവിഡ് രോഗികളാണുള്ളത്. അവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. രോഗം പിടിപെട്ടവർ രോഗാവസ്ഥയിലും തുടർന്നുമായി കുറഞ്ഞത് ഒരു മാസം ജോലിക്ക് പോകുവാൻ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് അവർക്ക് ആശ്വാസമായി ഭക്ഷ്യ കിറ്റ് എത്തിക്കുന്നത്. സാധനങ്ങൾ ശേഖരിക്കുന്നതിന് നമ്മൾ നമുക്കായി നമ്മൾ നടത്തുന്ന കരുതൽ കേന്ദ്രം എന്ന പേരിൽ പാലക്കൽത്തകിടി കവലയിൽ കരുതൽ കേന്ദ്രവും ആരംഭിച്ചു. കൂടാതെ പഞ്ചായത്തംഗവും മുൻ പ്രസിഡന്റുമായ കെ കെ രാധാകൃഷ്ണക്കുറുപ്പിന്റെ പേരിൽ കുന്നന്താനം ഫെറഡൽ ബാങ്ക് കുന്നന്താനം ശാഖയിലുള്ള 12030100168569 (ഐ.എഫ്.എസ്.സി. കോഡ് 0001203) അക്കൗണ്ടിലേക്ക് പണമായും സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.