കോഴഞ്ചേരി: മൂന്ന് പഞ്ചായത്തുകളിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നതിന് നിലവിലുള്ള സബ് സ്റ്റേഷന്റെ ശേഷി ഉയർത്തുന്നു. അയിരൂർ പഞ്ചായത്തിലെ തീയാടിക്കൽ 33 കെ.വി സബ്‌സ്റ്റേഷൻ 110 കെ.വിയായി ഉയർത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. അയിരൂർ, എഴുമറ്റൂർ, കൊറ്റനാട് പഞ്ചായത്തുകളിൽ നാളുകളായി തുടരുന്ന പ്രസരണ ശേഷിക്കുറവിനും കൂടിയാണ് ഇതോടെ പരിഹാരമാകുക. മുൻ മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന വൈദ്യുതി അദാലത്തിൽ മുൻ എം.എൽ.എ രാജു ഏബ്രഹാമാണ് ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പുതിയ സബ് സ്റ്റേഷൻ വേണമെന്ന് ആവശ്യമുന്നയിച്ചത്. നിലവിൽ റാന്നി നോർത്ത്, അയിരൂർ, വായ്പൂര് സെക്ഷനുകളിൽ നിന്നാണ് മൂന്ന് പഞ്ചായത്തുകളിലും വൈദ്യുതി എത്തിക്കുന്നത്.