sabari

പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും വീണ്ടും ചുവന്നു. ഒരു മണ്ഡലം പോലും തിരിച്ചു പിടിക്കാനാവാതെ യു.ഡി.എഫ് ക്ഷീണിച്ചു. വിജയപ്രതീക്ഷയോടെ കോന്നിയിൽ വന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായി. അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എയുടെ വോട്ടുകൾ 2016ലെ തിരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞു. ശബരിമല വിഷയം യു.ഡി.എഫും എൻ.ഡി.എയും വീണ്ടും പ്രചാരണ വിഷയമാക്കിയെങ്കിലും വോട്ടർമാർ കാര്യമാക്കിയില്ല.

2019ൽ ഉപതിരഞ്ഞെടുപ്പിലൂടെ കോന്നി പിടിച്ചെടുത്ത സി.പി.എമ്മിലെ കെ.യു ജനീഷ് കുമാർ ഭൂരിപക്ഷം കുറയാതെ കാത്തു. ആറൻമുളയിൽ സി.പി.എമ്മിലെ വീണാ ജോർജ് ഭൂരിപക്ഷം ഇരട്ടിയിലേറെയാക്കി. ഭൂരിപക്ഷം കുറഞ്ഞെങ്കിലും അടൂരിൽ സി.പി.ഐയുടെ ചിറ്റയം ഗോപകുമാർ ഹാട്രിക് വിജയം നേടി. തിരുവല്ലയിൽ ജനതാദൾ എസിലെ മാത്യു ടി. തോമസിന് തുടർച്ചയായി നാലാം വിജയം. ലീഡ് നില മാറിമറിഞ്ഞ റാന്നിയിൽ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രമോദ് നാരായൻ അവസാന ലാപ്പിൽ വിജയിച്ച് മണ്ഡലം എൽ.ഡി.എഫിനൊപ്പം നിലനിർത്തി.