തിരുവല്ല: നിയോജകമണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തുടർച്ചയായി നാലാംതവണയും നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളായി മാത്യു ടി.തോമസ്. 2006 മുതൽ തുടർച്ചയായി തിരുവല്ല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാത്യു.ടി, 1987ലാണ് മണ്ഡലത്തിൽ നിന്നും ആദ്യമായി വിജയിച്ചത്. ആദ്യത്തെ വിജയം കൂടി കണക്കിലെടുത്താൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം അഞ്ചാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. 25ാം വയസിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ എന്ന റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. 1987ൽ കോൺഗ്രസിലെ പി.സി.തോമസിനെ 1842 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് മാത്യു.ടി.തോമസ് ആദ്യമായി നിയമസഭയിൽ എത്തുന്നത്.

11,421 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഭൂരിപക്ഷം കൂട്ടി മിന്നും വിജയം യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള തിരുവല്ല, കല്ലൂപ്പാറ നിയോജകമണ്ഡലങ്ങൾ പുനർനിർണയത്തിൽ ഒന്നിശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പിലും 11,421 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടാനായതിൽ മാത്യു.ടി.തോമസിന് സന്തോഷിക്കാം. ആകെ പോൾ ചെയ്ത 1,39,848 വോട്ടുകളിൽ 62,178 എണ്ണം നേടി തിളക്കമാർന്ന വിജയമാണ് അദ്ദേഹം കാഴ്ചവച്ചത്. ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് നേരിയ ലീഡ് നേടിയത്. എങ്കിലും തിരുവല്ല നഗരസഭയിലും മറ്റു പഞ്ചായത്തുകളിലും ലീഡ് ഉയർത്തിയ മാത്യു ടി.തോമസിനായിരുന്നു അന്തിമവിജയം. ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് നെടുമ്പ്രം പഞ്ചായത്തിലാണ്. ഇവിടെ 2280 വോട്ടുകൾ ഭൂരിപക്ഷം ലഭിച്ചു.