തിരുവല്ലയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നല്ല മുന്നേറ്റം കാഴ്ചവെച്ച ബി.ജെ.പിക്ക് ഇത്തവണ ആയിരക്കണക്കിന് വോട്ടുകളുടെ കുറവുണ്ടായി. എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനടയ്ക്ക് 22,674 വോട്ടുകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കീരമൺ കാളിദാസ ഭട്ടതിരിക്ക് 31,439 വോട്ടുകളും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന് 40,186 വോട്ടുകളും ലഭിച്ചിരുന്നു. ഇതുകൂടാതെ നാലുമാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 30,160 വോട്ടുകളും തിരുവല്ല മണ്ഡലത്തിൽ നിന്നും ലഭിച്ചതാണ്. ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്‍നങ്ങൾ കാരണം പ്രചാരണത്തിൽ നിന്നും പലരും വിട്ടുനിന്നിരുന്നു. ഇത് വോട്ടെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
വോട്ട് കുറഞ്ഞു യു.ഡി.എഫും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകൾ അപേക്ഷിച്ച് യു.ഡി.എഫിന് വോട്ടിൽ കുറവുണ്ടായി. ഇത്തവണ പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 50,757 വോട്ടുകളാണ് കുഞ്ഞുകോശി പോളിന് ലഭിച്ചത്. യു.ഡി.എഫിൽ പരസ്യമായ തർക്കങ്ങൾ നിലനിന്നിരുന്ന 2011ൽ വിക്ടർ ടി.തോമസ് 52,522 വോട്ടുകളും 2016ൽ ജോസഫ് എം.പുതുശേരി 51,398 വോട്ടുകളും നേടിയിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയും 54,250 വോട്ടുകൾ നേടി. എന്നാൽ ഇത്തവണ തുടക്കത്തിലുണ്ടായ അസ്വാരസ്യങ്ങൾ ചർച്ചചെയ്ത് പരിഹരിച്ച് യു.ഡി.എഫ് ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 11പഞ്ചായത്തുകളിൽ മല്ലപ്പള്ളി,ആനിക്കാട്,കല്ലൂപ്പാറ എന്നിവിടങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കാനായത്. ശക്തമായ പ്രചാരണം നടത്തിയിട്ടും വോട്ടിൽ കുറവുണ്ടായത് വരുംദിവസങ്ങളിൽ ചർച്ചയാകും.
മാത്യു.ടി. തോമസ് (എൽ.ഡി.എഫ്) - 62178)
കുഞ്ഞുകോശി പോൾ (യു.ഡി.എഫ് - 50,757)
ആശോകൻ കുളനട (എൻ.ഡി.എ- 22,674)