കോന്നി : മലയോര മേഖലയായ കോന്നിയുടെ ജനനായകനായി വീണ്ടും അഡ്വ. കെ.യു. ജനീഷ് കുമാർ . ജില്ലാ പഞ്ചായത്ത് അംഗമായ യു.ഡി.എഫിലെ റോബിൻ പീറ്ററെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് 8508 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജനീഷ് കുമാർ വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്. 23 വർഷം തുടർച്ചായി കോന്നി എം.എൽ.എ ആയിരുന്ന യു.ഡി.എഫിലെ അടൂർ പ്രകാശ് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന് ആറ്റിങ്ങലിൽ മത്സരിക്കാൻ രാജിവച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് 16 മാസം മുമ്പ് ജനീഷ് കുമാർ കോന്നിയുടെ എം.എൽ.എ ആകുന്നത്.

കോന്നി മെഡിക്കൽ കോളേജിൽ ഒ.പി, ഐ.പി വിഭാഗങ്ങൾ, ആവണിപ്പാറയിൽ

വൈദ്യുതി എത്തിക്കൽ, പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത ഉൾപ്പടെയുള്ള റോഡുകളുടെ വികസനം തുടങ്ങി നിരവധി പദ്ധതികളിലൂടെ ജനീഷ് ശ്രദ്ധ പിടിച്ചുപറ്റി. കെ.സുരേന്ദ്രന്റെ സാന്നിദ്ധ്യം മൂലം രാജ്യശ്രദ്ധ പിടിച്ചുപറ്റിയ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം കൂടിയാണ് കോന്നി . ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയും യു.ഡി.എഫിന് വേണ്ടി രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ കോന്നിയിൽ എത്തിയിരുന്നു. സി..പി.എം കോന്നി ഏരിയാ ഒാഫീസിലിരുന്നാണ് ഫലം ടിവിയിൽ കണ്ടത്. നേതാക്കളായ ആർ. ഉണ്ണികൃഷ്ണ.പിള്ള, പി.ജെ. അജയകുമാർ തുടങ്ങിയ വരും ഉണ്ടായിരുന്നു. വിജയം അറിഞ്ഞപ്പോൾ നേതാക്കൾക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.