ആറൻമുള: രണ്ടാംതവണയും ആറന്മുളയിൽ നിന്ന് മിന്നുന്ന വിജയം നോടിയ വീണാജോർജിന് ഇന്നലെ വോട്ടെണ്ണലിൽ കാര്യമായ ടെൻഷൻ ഇല്ലായിരുന്നു. രാവിലെ വന്ന ഫോൺ വിളികളെല്ലാം അവസാനിച്ചത് പ്രാർത്ഥിക്കാമെന്ന ഉറപ്പോടെയാണ്.അത് ഫലം കണ്ടു. പ്രാർത്ഥനയുടെ ശക്തി തനിക്ക് അനുകൂലമായെന്ന് വീണാ ജോർജ് പറഞ്ഞു. രാവിലെ വീട്ടിലിരുന്നാണ് വോട്ടെണ്ണൽ തുടങ്ങുന്നത് കണ്ടത്. തുടർന്ന് മൈലപ്ര പാലമൂട് മാർ കുര്യാക്കോസ് ദേവാലയത്തിൽ പിതാവ് കുര്യാക്കോസിനെ സംസ്കരിച്ച കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മകൾക്കൊപ്പം സജീവമായിരുന്നു. അതിന് ശേഷമായിരുന്നു മരണം. ഭർത്താവ് ജോർജ് ജോസഫ്, മക്കളായ അന്ന, ജോസഫ്, അമ്മ റോസമ്മ കുര്യാക്കോസ്, സഹോദരി വിദ്യാ കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പള്ളിയിൽ നിന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. .അവിടെ ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സമിതി അംഗം കെ.ജെ.തോമസ്, കെ.അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവരുമായി വോട്ടെണ്ണൽ സ്ഥിതി വിലയിരുത്തി. അതിനുശേഷം വോട്ടെണ്ണൽ കേന്ദ്രമായ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂളിൽ എത്തി. ഫലമറിഞ്ഞ് ശേഷം നേതാക്കളെയും മറ്റും വിളിച്ച് ആഹ്ളാദം പങ്കുവച്ചു. തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഇന്നു മുതൽ മണ്ഡലത്തിൽ വോട്ടർമാർക്ക് നന്ദി അറിയിക്കാനുള്ള യാത്ര തുടങ്ങും.