അടൂർ: അവസാന നിമിഷം വരെയും എൽ.ഡി.എഫുകാരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചെങ്കിലും ഒടുവിൽ അടൂരിൽ ചിറ്റയം ഗോപകുമാർ ഹാട്രിക് വിജയം കൈപ്പിടിയിലൊതുക്കി. കപ്പിനും ചുണ്ടിനുമിടയിൽ മണ്ഡലം നഷ്ടമാകുമോ എന്ന പിരിമുറുക്കം എൽ.ഡി. എഫ് പ്രവർത്തകർക്കിടയിൽ ആദ്യന്തം ഉടലെടുത്തിരുന്നു. 25460 എന്ന 2016ലെ ഭൂരിപക്ഷം 2919 ലേക്ക് കൂപ്പുകുത്തി എന്നത് എൽ ഡി.എഫ് കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചു. അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ എൽ.ഡി.എഫ് പ്രവർത്തകരുടെ അമിത വിശ്വാസമാണ് ഭൂരിപക്ഷത്തിലെ കുറവിന് പ്രധാനമായും ഇടയാക്കിയത്. ഒപ്പം യു.ഡി. എഫ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനവും യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ വിവിധ തലങ്ങളിൽ വോട്ടർമാർക്കിടയിൽ സൃഷ്ടിച്ച സഹതാപതരംഗവും ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം കുറച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതുവരെയും മണ്ഡലത്തിൽ വിജയിക്കാൻ കഴിയുമെന്ന യു.ഡി.എഫിന്റെ ഉറച്ച വിശ്വാസത്തിന് ഏറ്റ കനത്ത തിരിച്ചടികൂടിയായി ചിറ്റയത്തിന്റെ വിജയം. പന്തളം നഗരസഭ, കൊടുമൺ, പള്ളിക്കൽ പഞ്ചായത്തുകളാണ് പ്രധാനമായും എൽ.ഡി. എഫിന് തുണയായത്. ഓരോ റൗണ്ടിലും എൽ.ഡി.എഫിന് ഭൂരിപക്ഷം ഏറിയും കുറഞ്ഞും നിന്നു. 2, 4, 9, 10, 16, 17 തുടങ്ങിയ റൗണ്ടുകളിൽ എം.ജി കണ്ണന് ലഭിച്ച നേരിയ ഭൂരിപക്ഷം ചിറ്റയത്തിന്റെ ഭുരിപക്ഷത്തെ കുറച്ചു കൊണ്ടുവന്നു. തുമ്പമൺ പഞ്ചായത്ത്, അടൂർ നഗരസഭ എന്നിവിടങ്ങളിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. അതേസമയം എൽ.ഡി.എഫ് ഭരിക്കുന്ന കൊടുമൺ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ പ്രതീക്ഷിച്ചത്ര ഭൂരിപക്ഷം ലഭിക്കാതെ പോയതും എൽ . ഡി. എഫി ന്റെ മികച്ച വിജയത്തിന് മങ്ങലേൽപ്പിച്ചു. 2016ൽ ബി.ജെ.പിക്ക് ലഭിച്ച 25940 വോട്ട് ഇക്കുറി നേടാനായില്ല. ഇവിടെ ഉണ്ടായ ചോർച്ച യു.ഡി.എഫിന് സഹായകരമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
.